തിരുവനന്തപുരം: ഓരോ പൊലീസ് ഡിവിഷനിലും ജയിൽ സ്ഥാപിക്കണമെന്നും സെൻട്രൽ ജയിലുകളിൽ റിസർവ്സേന രൂപവത്കരിക്കണമെന്നുമുള്ള ജയിൽപരിഷ്കരണ സമിതി ശിപാർശകൾ സർക്കാർ തള്ളി. സംസ്ഥാനത്തെ ജയിലുകൾ പരിഷ്കരിക്കുന്നതിനായി സർക്കാർ നിയോഗിച്ച മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ചെയർമാനായ കമീഷന്റെ ശിപാർശകളിലുള്ള ചില കാര്യങ്ങളാണ് സർക്കാർ തള്ളിയത്. ജയിൽ പരിഷ്കരണ കമ്മിറ്റി സമർപ്പിച്ച ഈ ശിപാർശകൾ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ശിപാർശകൾ തള്ളിയതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ജയിൽ ആരംഭിക്കുന്നതിന് നിരവധി കടമ്പകളുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിൽ പ്രധാനം. പുതിയ കെട്ടിടങ്ങൾ, ജീവനക്കാർ, സാധനസാമഗ്രികൾ, മറ്റ് സംവിധാനങ്ങളെല്ലാം ഏർപ്പെടുത്തണം. എന്നാൽ, നിലവിലെ സാമ്പത്തിക സ്ഥിതിയിൽ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. ആ സാഹചര്യത്തിൽ ഈ ശിപാർശ നടപ്പാക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ വിശദീകരണം.
മൂന്ന് സെൻട്രൽ ജയിലുകൾ കേന്ദ്രീകരിച്ച് 100 അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാർ വീതമുള്ള മൂന്ന് റിസർവ് സേന രൂപവത്കരിക്കണമെന്ന ശിപാർശയും അലക്സാണ്ടർ ജേക്കബ് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷ ഉൾപ്പെടെ കാര്യങ്ങൾക്കായി റിസർവ് സേനക്ക് രൂപം നൽകണമെന്നായിരുന്നു ശിപാർശ. നിലവിലെ സാഹചര്യത്തിൽ പ്രത്യേക സേനയെ നിയോഗിക്കാനാകില്ലെന്നും എന്നാൽ, കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിവിധ ജയിലുകളിൽ നിയോഗിച്ചെന്നുമാണ് സർക്കാർ വാദം.
വിവിധ ജയിലുകളിലേക്കായി അസി. പ്രിസൺ ഓഫിസർ, ഡെപ്യൂട്ടി പ്രിസൺ ഓഫിസർ, പ്രിസൺ ഓഫിസർ, ഗേറ്റ് കീപ്പർ തസ്തികകളിലായി 206 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
അതിൽ നിന്ന് മൂന്ന് സെൻട്രൽ ജയിലുകളിലായി 79 അസി. പ്രിസൺ ഓഫിസർ, 27 ഡെപ്യൂട്ടി പ്രിസൺ ഓഫിസർ തസ്തികകളിലും വിന്യസിച്ചിട്ടുണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ആ സാഹചര്യത്തിൽ പുതിയ സംവിധാനം വേണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറക്കാനും ഇടക്കിടെയുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനുമാണ് ജയിൽ വകുപ്പ് മുൻ മേധാവി കൂടിയായിരുന്ന അലക്സാണ്ടർ ജേക്കബ് ഈ ശിപാർശകൾ സമർപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.