തിരുവനന്തപുരം: ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നീക്കം സുപ്രീംകോടതി വിധിയുടെ ദുർവ്യാഖ്യാനവും സർവകലാശാല നിയമത്തിന്റെ ലംഘനവുമാണെന്ന നിലപാടിൽ സർക്കാർ. വിരമിക്കാനൊരുങ്ങുന്ന കേരള സർവകലാശാല വി.സി വി.പി. മഹാദേവൻ പിള്ളയുടെ പേരടക്കം ഉൾക്കൊള്ളിച്ചുള്ള നടപടിക്ക് പിന്നിൽ സംഘ്പരിവാറിനെ പ്രീതിപ്പെടുത്താനുള്ള നീക്കമാണെന്ന വിലയിരുത്തലാണ് എൽ.ഡി.എഫിനും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടലിനനെതിരെ രാജ്ഭവന് മുന്നിൽ നവംബർ 15 ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഗവർണറുടെ നടപടി. ഗവർണറുടെ രീതി അറിയാവുന്നതിനാൽ രാജ്ഭവനിൽനിന്ന് ശക്തമായ പ്രതികരണം സർക്കാറും പ്രതീക്ഷിച്ചിരുന്നു. ഗവർണറുടെ നടപടികൾ നിയമപരവും രാഷ്ട്രീയപരവുമായി പ്രതിരോധിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
സാേങ്കതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി പകർപ്പിലെ വാചകങ്ങൾ ഉയർത്തിയാണ് വി.സിമാരോട് തിങ്കളാഴ്ച രാവിലെ 11.30 നകം രാജി വെക്കാനുള്ള നിർദേശം. എന്നാൽ, ഒരു പ്രത്യേക കേസിലെ കോടതി ഉത്തരവ് സംസ്ഥാനത്തും രാജ്യത്തും ആകമാനം പ്രയോഗിക്കാമെന്ന ദുർവ്യഖ്യാനമാണ് രാജ്ഭവൻ നടത്തുന്നതെന്ന ആക്ഷേപമാണ് സർക്കാറിനുള്ളത്.
സർവകലാശാല നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ മുഴുവൻ ലംഘിച്ചാണ് വി.സിമാരോട് രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടതെന്ന് നിയമവകുപ്പ് ചൂണ്ടിക്കാട്ടുന്നു. സർവകലാശാല നിയമ പ്രകാരം വൈസ് ചാൻസലറെ സ്വഭാവദൂഷ്യം അല്ലെങ്കിൽ പ്രാപ്തിക്കുറവ് എന്നീ കാരണങ്ങളാൽ അല്ലാതെ ചാൻസലർ നീക്കാൻ പാടില്ല. വി.സിയെ മാറ്റുന്നതിന് മുമ്പ് ഹൈകോടതി അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജിയെ നിയോഗിച്ച് അന്വേഷണം നടത്തേണ്ടതുമുണ്ട്.
ഇതെല്ലാം ലംഘിച്ചാണ് ഗവർണറുടെ നടപടിയെന്നാണ് സർക്കാറിന്റെ ആക്ഷേപം. സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ ഉത്തരവിന് എതിരെ കോവാറന്റോ ഹരജി കോടതിയിൽ നൽകിയിരിക്കെ ഗവർണറുടെ നടപടി ദുരുദ്ദേശപരമാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കേരള സർവകലാശാലയിൽ അടക്കം വി.സിമാരായി നിയമിക്കാൻ സംഘ്പരിവാർ അനുകൂലികളായവരുടെ പട്ടിക രാജ്ഭവനിൽ തയാറാണെന്നും സർക്കാർ സംശയിക്കുന്നു. ഗവർണറുടെ പട്ടികയിലുള്ള ചിലരുടെ പേരുകളും സർക്കാർവൃത്തങ്ങൾ സംഘ്പരിവാർ ഗൂഢാലോചനക്ക് തെളിവായി ചൂണ്ടിക്കാട്ടുന്നു. അതേസമയം, വിഷയം കൂടുതൽ നിയമ, രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് നീങ്ങുമ്പോൾ പ്രതിപക്ഷത്തിനും നിലപാട് സ്വീകരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.