സർക്കാറിന്‍റെത് മലയാളത്തെ പ്രോത്സാഹിപ്പിക്കുന്ന നയം -മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് എല്ലാ ഘട്ടത്തിലും ഇടതുപക്ഷ സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.എസ്.സി പരീക്ഷ മലയാളത്തിൽ നടത്തുന്നത് സംബന്ധിച്ച് പി.എസ്.സി ചെയർമാനുമായി നടത്തി യ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പി.എസ്.സി നടത്താൻ പോകുന്ന കെ.എ.എസ് ഉൾപ്പടെ എല്ലാ പരീക്ഷകൾക്കും മലയാളത്തിൽ ഉൾപ്പടെ ചോദ്യപ്പേപ്പർ നൽകണമെന്ന നിർദേശമാണ് സർക്കാറിനുള്ളത്. ഇത് പി.എസ്.സി ചെയർമാനെ അറിയിച്ചിട്ടുണ്ട്.

പ്രായോഗികമായ പ്രയാസങ്ങൾ ഇത് നടപ്പാക്കാൻ മുന്നിലുണ്ട്. ഇതിനായി പ്രത്യേക യോഗം വിളിക്കും. സാങ്കേതിക പദങ്ങൾ സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സ്കൂളുകളിൽ മലയാള ഭാഷാപഠനം നിർബന്ധമാക്കണം എന്ന തീരുമാനം സർക്കാർ എടുത്തത്. ഭരണഭാഷ മലയാളമാക്കലും നിർണായക തീരുമാനമായിരുന്നു. എല്ലാ വകുപ്പുകളിലും ഭരണഭാഷ മലയാളമാക്കാൻ കഴിഞ്ഞു.

എന്നാൽ, മറ്റേതെങ്കിലുമൊരു ഭാഷയോട് എതിരായ സമീപനം സർക്കാറിന് ഇല്ല. മറ്റ് ഭാഷകൾ പഠിക്കുക എന്നത് മലയാളത്തെ ചവിട്ടിത്താഴ്ത്തിക്കൊണ്ടാകരുത് എന്നതും സർക്കാറിന്‍റെ നിലപാടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - government supports malayalam always says chief minister -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.