‘സർക്കാർ ദുരിതമനുഭവിക്കുന്നവർക്കൊപ്പം’; ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തത്തിനിരയായവർക്ക് ആശ്വാസം പകർന്ന് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് സർക്കാറെന്നും ദുരിതബാധിതരുടെ പുനരധിവാസത്തിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അ​േദ്ദഹം പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറിൽ രാവിലെ എട്ടിന് പുറപ്പെട്ട മുഖ്യമന്ത്രി ആദ്യം ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലിറങ്ങി. ക്യാമ്പിലേക്ക് പോകുന്നതിനായി തയാറാക്കിയ വാഹനവ്യൂഹം ഒഴിവാക്കി മന്ത്രിമാരും ജനപ്രതിനിധികൾക്കുമൊപ്പം നടന്നാണ് കോളജ് ഹാളിലെ ക്യാമ്പിലെത്തിയത്. 

ഭക്ഷണവും താമസവും ശരിയല്ലേയെന്ന്​​ ആരാഞ്ഞ മുഖ്യമന്ത്രി വീടുകൾ നഷ്​ടമായവർക്ക് എല്ലാം വീണ്ടെടുത്തുനൽകുമെന്ന്​ പറഞ്ഞു. ഭക്ഷണവും താമസവും മെച്ചപ്പെട്ടതാണെന്നും തിരിച്ചുചെല്ലുമ്പോൾ വീട് അവിടെയില്ലെന്ന ദുഃഖം മാത്രമാണുള്ളതെന്നും ക്യാമ്പിൽ കഴിയുന്ന വീട്ടമ്മമാർ മുഖ്യമന്ത്രിയോട്​ പറഞ്ഞു.ഇവിടെ നിന്ന് കോഴഞ്ചേരിയിലേക്ക് ആകാശമാർഗം തിരിച്ച മുഖ്യമന്ത്രി സ​​െൻറ്​ തോമസ് കോളജ് മൈതാനത്ത് ഇറങ്ങിയ ശേഷം തെക്കേമലയിലെ എം.ജി.എം ഓഡിറ്റോറിയത്തിലെത്തി. ഭക്ഷണമുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ക്യാമ്പിൽ കഴിയുന്നവർ അറിയിച്ചു.

തുടർന്ന്, ഹെലികോപ്ടറിൽ ആലപ്പുഴ പൊലീസ് ഗ്രൗണ്ടിൽ ഇറങ്ങിയ ശേഷം ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലെത്തി. തകർന്ന വീടുകൾ പുനർനിർമിക്കുമെന്നും ചളിയും മാലിന്യവും നിറഞ്ഞ വീടുകൾ വൃത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ക്യാമ്പിൽ കഴിയുന്നവരെ അറിയിച്ചു. രേഖകൾ നഷ്​ടപ്പെട്ട വിഷമം ചിലർ പങ്കു​െവച്ചു. ഇവ ലഭിക്കുന്നതിന് സർക്കാർ വേണ്ടതു ചെയ്യുമെന്ന്​ അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരെ സർക്കാർ ആദരിക്കുമെന്നും അറിയിച്ചു. പറവൂരിൽനിന്ന് ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളജിലെ ദുരിതാശ്വാസ ക്യാമ്പിലാണ് മുഖ്യമന്ത്രിയെത്തിയത്.
    
വീടുകൾ പൂർവസ്ഥിതിയിലാകുന്നതുവരെ പ്രത്യേക സൗകര്യമൊരുക്കി ദുരിതബാധിതരെ ക്യാമ്പുകളിൽ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഇവർക്ക് പൂർണ പരിരക്ഷ നൽകും. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ പ്രളയത്തെ നമ്മൾ നേരിട്ടത് ഒരേ മന​േസ്സാടെയാണെന്നും അദ്ദേഹം  പറഞ്ഞു. 

റവന്യൂമന്ത്രി. ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവർ മുഖ്യമന്ത്രിയെ അനുഗമിച്ചു. ഉച്ചക്ക്​ രണ്ടരയോടെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തി.

 

Tags:    
News Summary - Government with Those who face Disaster, CM - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.