തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാൻ ഗവർണറുടെ നീക്കം രാജ്ഭവൻ-സർക്കാർ ബന്ധം കൂടുതൽ വഷളാക്കുന്നതിനൊപ്പം ഭരണതലത്തിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. നിലവിൽ സർക്കാറിന് ഭരണ പ്രതിസന്ധിയൊന്നുമില്ലെങ്കിലും ഈ സാഹചര്യം തുടർന്നാൽ പ്രതിബന്ധങ്ങൾ ഉണ്ടാകാം. മൂന്നു മാസത്തിനകം ബജറ്റ് അവതരിപ്പിക്കാൻ നിയമസഭ ചേരേണ്ടതുണ്ട്. ഇതു വിളിച്ചു ചേർക്കേണ്ടതും നയപ്രഖ്യാപനം നടത്തേണ്ടതും ഗവർണറാണ്. സുപ്രധാന ബില്ലുകളിലും ഓർഡിനൻസുകളിലും ഗവർണർ ഒപ്പുവെക്കേണ്ടതുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം അദ്ദേഹം ഉപാധിവെച്ചേക്കാം. അതേസമയം, ഒരു വിധത്തിലും ഗവർണർക്ക് കീഴടങ്ങേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. രാഷ്ട്രീയമായും നിയമപരമായും ഗവർണറെ നേരിടാനുമാണ് ഭരണപക്ഷ തീരുമാനം.
ഗവർണറുടെ കത്ത് മുഖ്യമന്ത്രി തള്ളിയെങ്കിലും സർവകലാശാലകളിൽ ചെയ്തപോലെ വീണ്ടും ഉന്നയിക്കാൻ സാധ്യതയേറെയാണ്. മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനപ്പുറം ഗവർണർക്ക് ഈ വിഷയത്തിൽ കാര്യമായി ഒന്നും ചെയ്യാനാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ഗവർണർ ധനമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. സത്യപ്രതിജ്ഞാ ലംഘനം, ഭരണഘടന രീതികളുടെ ലംഘനം, രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കൽ അടക്കം ആരോപണങ്ങളുണ്ട്. ഇതെല്ലാം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തിൽ ഇനി ഗവർണർ എന്തു നിലപാട് എടുക്കുന്നുവെന്നത് ആകാംക്ഷയുണർത്തുന്നു.
ഗവർണർക്കെതിരെ സർവകലാശാല വിഷയത്തിൽ ഭരണപക്ഷം പ്രക്ഷോഭ പാതയിലാണ്. എന്നാൽ, എത്ര ശക്തിയോടെ തനിക്കെതിരെ സർക്കാർ നീങ്ങുന്നോ അതേ ശക്തിയോടെ താനും നിൽക്കുന്നെന്ന സൂചനയാണ് മന്ത്രിക്കെതിരായ നടപടിയിലൂടെ അദ്ദേഹം സർക്കാറിനും ഭരണമുന്നണിക്കും നൽകുന്നത്. ഗവർണർക്കെതിരെ നിയമപരമായ നീക്കത്തിലേക്ക് പോകാനാണ് സർക്കാർ ആലോചന. ഒപ്പം സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ഓർഡിനൻസ് പരിഗണിക്കുന്നുണ്ട്. ഈ ഓർഡിനൻസിൽ ഗവർണർതന്നെ ഒപ്പിടണമെന്നിരിക്കെ അതു വിജയിപ്പിച്ചെടുക്കാൻ പ്രയാസമാണ്.
ഗവർണറുടെ പ്ലഷർ ഇല്ലാത്ത മന്ത്രി എന്ന അവസ്ഥയാണ് ഇപ്പോൾ കെ.എൻ. ബാലഗോപാലിന്. ഭാവിയിൽ അതു നിയമപ്രശ്നങ്ങളിലേക്ക് പോയേക്കാം. ബജറ്റ് അവതരണം അടക്കം സുപ്രധാന കാര്യങ്ങൾ ചെയ്യുന്ന മന്ത്രിയാണ് അദ്ദേഹം എന്നതും പ്രധാനമാണ്. ഗവർണറുടെ പ്രീതി വ്യക്തിപരമല്ലെന്നാണ് നിയമവിദഗ്ധരുടെ നിലപാട്. മന്ത്രിക്കെതിരെ തന്റെ അനിഷ്ടം മുഖ്യമന്ത്രിയെ അറിയിക്കാൻ മാത്രമാണ് ഗവർണർക്ക് കഴിയുക. മന്ത്രിയെ പുറത്താക്കാൻ അദ്ദേഹത്തിന് കഴിയില്ല. ഭരണഘടന വിദൂരമായിപോലും വിഭാവനം ചെയ്യാത്ത നടപടിയാണ് ഗവർണറുടേതെന്നാണ് അഭിഭാഷകനായ എം.ആർ. അഭിലാഷ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.