കൊല്ലം: എസ്.എഫ്.ഐ കരിങ്കൊടി കാട്ടിയതിനെ തുടർന്ന് റോഡരികിലിരുന്ന് പ്രതിഷേധം തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു മണിക്കൂറിലേറെയായി ഗവർണർ റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധം തുടരുകയാണ്. തനിക്കെതിരെ പ്രതിഷേധിച്ച മുഴുവൻ ആളുകൾക്കെതിരെയും കേസെടുത്ത രേഖ കാണണമെന്നാണ് ഗവർണറുടെ നിലപാട്. അതേസമയം, ഗവർണർക്കെതിരെ പ്രതിഷേധിച്ച 17 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു.
പ്രതിഷേധക്കാർക്കെതിരെ കേസെടുത്തതിന്‍റെ എഫ്.ഐ.ആർ പകർപ്പ് കിട്ടാതെ താൻ എഴുന്നേൽക്കില്ലെന്ന് ഗവർണർ പറഞ്ഞു. ഡി.ജി.പി വിളിച്ച് ഗവർണറുമായി സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അമിത് ഷായുമായോ പ്രധാനമന്ത്രിയുമായോ സംസാരിക്കൂവെന്ന് ഗവർണർ പൊലീസുകാരോട് പറഞ്ഞു.
കൊല്ലം നിലമേലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇന്ന് രാവിലെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇതേത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിന് നേരെ ശകാരവുമായെത്തുകയും കാറിൽ തിരിച്ച് കയറാതെ പ്രതിഷേധിക്കുകയുമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെയും ഗവർണർ നടന്നടുത്തു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാതെ തിരിച്ചുപോവില്ലെന്ന് പറഞ്ഞ ഗവർണർ റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചതോടെ സ്ഥലത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പൊലീസിനോട് ഏറെ ക്ഷുഭിതനായ ഗവർണർ, തനിക്ക് മതിയായ സുരക്ഷയൊരുക്കുന്നില്ലെന്ന് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.