ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ

ആരോപണങ്ങൾ അതീവ ഗൗരവതരം; അൻവർ ഫോൺ ചോർത്തിയോ? മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. ആരോപണങ്ങൾ അതീവ ഗൗരവതരമാണെന്ന രാജ്ഭവന്റെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഗവർണർ കത്തയച്ചത്. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് അൻവർ ഉന്നയിച്ച ആരോപണത്തിൽ വിശദീകരണം വേണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ഫോൺ ചോർത്തുന്നുണ്ടെന്ന വെളിപ്പെടുത്തലിനു പിന്നാലെ അൻവർ മലപ്പുറം മുൻ എസ്.പിയുടെ ഫോൺ സംഭാഷണം പുറത്തുവിടുകയും ചെയ്തിരുന്നു. ഇതും ഫോൺ ചോർത്തലിന്റെ പരിധിയിൽ വരില്ലേ എന്ന് ഗവർണർ കത്തിൽ ആരായുന്നു. ചോർത്തിയതെങ്കിൽ അത് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ എന്നും അൻവർ ചെയ്തത് ഗുരുതര കുറ്റമാണെന്നും ഗവർണറുടെ കത്തിൽ പറയുന്നു. ഭരണകക്ഷി എം.എൽ.എ ആരോപണവുമായി രംഗത്തുവന്നതോടെ മറുപടി നൽകാനുള്ള ബാധ്യത സർക്കാറിനുണ്ട്.

‘പി.വി. അന്‍വര്‍ എം.എല്‍.എയും ഒരു ഐ.പി.എസ് ഓഫിസറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ എം.എല്‍.എ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗൗരവതരമാണ്. സര്‍ക്കാറിന് പുറത്തുള്ളവര്‍ക്ക് സ്വാധീനമുള്ള ചിലര്‍ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും കത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു. ഇവരുടെ സംഭാഷണംതന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായുള്ള ബാന്ധവം ഉറപ്പാക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും നഗ്‌നമായ ലംഘനമാണ്.

സംസ്ഥാനത്ത് ഒരു എംഎല്‍എ ഒരു പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരമായ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികള്‍ അത്യാവശ്യമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ചില വ്യക്തികള്‍ അനധികൃതമായും നിയമവിരുദ്ധമായും സര്‍ക്കാറിന്റെ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കലാണെന്നും അതുകൊണ്ടുതന്നെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്’ -രാജ്ഭവന്‍ അറിയിച്ചു.

Tags:    
News Summary - Governor Arif Mohammed Khan seeks explation from CM on PV Anvar's allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.