കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പിക്കെതിരെ രൂക്ഷവിമർശനവുമായി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. കൊച്ചി അന്തരാഷ്ട്ര പുസ്തകോത്സവ വേദിയിലാണ് പേരുപരാമർശിക്കാതെ ശ്രീധരൻ പിള്ള മുരളീധരൻ അടുത്തിടെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടി നൽകിയത്.
മൂന്നാലു തവണയായി എം.പി തന്നെക്കുറിച്ച് പറയുന്നതിനാൽ ഇനി പറയാതിരിക്കാനാവില്ല എന്ന മുഖവുരയോടെയായിരുന്നു വിമർശനത്തിനു തുടക്കമിട്ടത്. കേരള ഗവർണർ മിക്ക ദിവസവും ഇവിടില്ലെന്നും ഗോവ ഗവർണർ എപ്പോഴും ഇവിടെത്തന്നെയാണെന്നും ഒരു എം.പി പറഞ്ഞു. എന്റെ അച്ഛൻ മുഖ്യമന്ത്രിയൊന്നുമായിരുന്നില്ല. ഒരു കർഷകന്റെ വീട്ടിൽ ജനിച്ചയാളാണ് ഞാൻ. ജനങ്ങളാണ് പരമാധികാരികളെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനപ്പുറം ആരുമില്ല. ഗോവയിലെ 461 ഗ്രാമങ്ങളിലും 16മാസം കൊണ്ട് സഞ്ചരിച്ചു. ഈ വേളയിൽ ജനങ്ങളെ നേരിൽക്കണ്ട് പ്രശ്നങ്ങൾ മനസിലാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്.
ഗോവയിലെ രാജ്‍ഭവൻ ലോക്ഭവനായി എന്നാണ് ദേശീയമാധ്യമങ്ങൾ എഴുതിയത്. ശബരിമല വിഷയത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത എന്റെ പ്രസംഗത്തിലെ ഒരുവാക്കിന്റെ പേരിൽ എന്നെ ജയിലിൽ അടയ്ക്കണമെന്നാണ് ഈ എം.പി. അന്നു പറഞ്ഞത്. ഈച്ചരവാര്യരുടെ നഷ്ടപരിഹാരക്കേസ് ഉള്ളതുകൊണ്ടാണോയെന്ന് അറിയില്ല ഈ സമീപനം. ഒരു പാട് സമ്പാദിച്ചർ ഒടുവിൽ എന്തായെന്ന് ഒടുവിൽ അന്വേഷിച്ചാലറിയാം. രാജൻ കേസിലെ ഉത്തരവാദികളായ അഞ്ചുപേരുടെ ചരിത്രം എന്റെ കൈയിലുണ്ട്. ഒരാളെയും രക്ഷപ്പെടാൻ സർവശക്‍തൻ അനുവദിക്കില്ല. കൈയടികിട്ടാൻ വിടുവായത്തരം പറയരുതെന്നും ശ്രീധരൻ പിളള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.