ഗവർണർ കാലിക്കറ്റ് കാമ്പസിലെത്തി; കനത്ത സുരക്ഷ, ഗസ്റ്റ് ഹൗസിന് പുറത്ത് എസ്.എഫ്.ഐ പ്രതിഷേധം

തേഞ്ഞിപ്പലം: എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല കാമ്പസിലെത്തി. ഡൽഹിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ശേഷമാണ് തേഞ്ഞിപ്പലത്തെ സർവകലാശാല കാമ്പസിലേക്ക് വന്നത്. സ്ഥലത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് എസ്.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.

നേരത്തെ, സർവകലാശാല ഗസ്റ്റ്ഹൗസ് ഉപരോധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃത്വത്തിലാണ് ഉപരോധസമരം തുടങ്ങിയത്. സർവകലാശാല പ്രവേശന കവാട ഭാഗത്ത് നിന്ന് ഒരുവിഭാഗം എസ്.എഫ്.ഐ പ്രവർത്തകരും മറുവശത്ത് നിന്ന് മറ്റൊരു വിഭാഗവും പ്രകടനവുമായി എത്തിയാണ് സമരം തുടങ്ങിയത്. പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. 

സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത കാവലാണൊരുക്കിയത്. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിൽ നിന്നും പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുമായി 500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സർവകലാശാല കാമ്പസിൽ വിന്യസിച്ചത്. സർവകലാശാല പ്രധാന പ്രവേശന കവാടം, ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചത്. കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് സേനാ വിന്യാസം.

Tags:    
News Summary - Governor reached Calicut campus; SFI protest outside guest house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.