അഡ്വ. വി.കെ. ബീരാൻ രചിച്ച ‘സി.എച്ച്. മുഹമ്മദ്കോയ -അറിയാത്ത കഥകൾ’ കൊച്ചിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവിന് നൽകി പ്രകാശനം ചെയ്യുന്നു.  അഡ്വ. വി.കെ. ബീരാൻ, പി.കെ. ബഷീർ, അലക്സാണ്ടർ ജേക്കബ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം തുടങ്ങിയവർ സമീപം

കേരളത്തിലെ മുസ്ലിം ലീഗ് വ്യത്യസ്തമെന്ന് ഗവർണർ

കൊച്ചി: കേരളത്തിലെ മുസ്ലിം ലീഗ് മറ്റിടങ്ങളിലേതിൽനിന്നു വ്യത്യസ്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അത് ഇവിടത്തെ നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളുടെ ഗുണഫലമാണ്. ദേശീയതയും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയെ പോലുള്ളവരുടെ നിലപാടുകളാണ് കാരണം.

മുസ്ലിം ലീഗ് എന്ന പേര് മാത്രമാണ് പ്രശ്നം. മുതിർന്ന അഭിഭാഷകനും സി.എച്ചിന്‍റെ അഭിഭാഷകനുമായിരുന്ന അഡ്വ. വി.കെ. ബീരാൻ രചിച്ച 'സി.എച്ച്. മുഹമ്മദ് കോയ- അറിയാത്ത കഥകൾ' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുർആൻ എല്ലാ ജനങ്ങളെയും അഭിസംബോധന ചെയ്തിട്ടുണ്ട്. ഖുർആൻ അധ്യാപനങ്ങളെ പ്രാവർത്തികമാക്കാൻ പ്രയത്നിച്ച നേതാവാണ് സി.എച്ച്. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ രാജ്യത്തെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. ഖുർആന്‍റെ ആദ്യ അധ്യാപനംതന്നെ അറിവ് നേടുകയെന്നതാണ്. ഇത് ഉൾക്കൊണ്ട സി.എച്ച് പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകാൻ പ്രയത്നിച്ചു.

ഇംഗ്ലീഷ് ഭാഷയോട് മുഖംതിരിച്ചിരുന്ന കാലഘട്ടത്തിൽ, അത് പഠിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചു. ഇന്നത്തെ രാഷ്ട്രീയക്കാരിൽനിന്ന് ഏറെ വ്യത്യസ്തനായിരുന്നു സി.എച്ച്. കേരളത്തിലെ പ്രതിഭാധനരായ ആളുകൾ ഗൾഫിലും അമേരിക്കയിലും ഇംഗ്ലണ്ടിലും യൂറോപ്പിലുമൊക്കെ പോകുന്നു. അവർ എന്തുകൊണ്ട് കേരളത്തിലെ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നില്ലെന്ന് ചിന്തിക്കണം. ശേഷിക്കുന്നവരിൽ ചിലരാണ് രാഷ്ട്രീയത്തിലെത്തുന്നത്. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി വലിയ ത്യാഗത്തിന് തയാറാകുന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു പുസ്തകം ഏറ്റുവാങ്ങി. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് അധ്യക്ഷത വഹിച്ചു. മതേതരത്വം മുഖമുദ്രയായിരുന്ന സി.എച്ച് വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ രംഗങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്കാവസ്ഥയിലായിരുന്ന വിഭാഗങ്ങളെ മുൻനിരയിലെത്തിക്കാൻ പ്രയത്നിച്ച നേതാവായിരുന്നു സി.എച്ചെന്ന് പി.കെ. ബഷീർ എം.എൽ.എ അനുസ്മരിച്ചു. വിദ്വേഷം കലർന്ന ഇന്നത്തെ നിർഭാഗ്യകരമായ രാഷ്ട്രീയ സാഹചര്യത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിച്ച സി.എച്ചിന്‍റെ ഓർമകൾ മഹത്തരമാണെന്ന് 'മാധ്യമം' എഡിറ്റർ വി.എം. ഇബ്രാഹിം പറഞ്ഞു.

'സുപ്രഭാതം' വൈസ് ചെയർമാൻ സൈനുൽ ആബിദ്ദീൻ പുസ്തകം പരിചയപ്പെടുത്തി. സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ, അഡ്വ. വി.കെ. ബീരാൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Governor says Muslim League in Kerala is different

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.