തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ അവതാളത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ നയിക്കുന്നത്. ബജറ്റിന് പുറത്തുള്ള കടമെടുപ്പ് അപകടം ക്ഷണിച്ച് വരുത്തുമെന്ന് പ്രതിപക്ഷം നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 2018ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് രൂപീകരിച്ചത്. ബജറ്റിന് പുറത്ത് കടമെടുക്കാനുള്ള സംവിധാനമായിരുന്നു ഇത്. ഈ കമ്പനിക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാല്‍ ബജറ്റിലൂടെ കമ്പനിക്ക് നല്‍കുന്ന എല്ലാ സഹായവും നിര്‍ത്താലാക്കിക്കൊണ്ട് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുകയാണ്.
പെന്‍ഷന്‍ നല്‍കുന്നതിലൂടെ ഉണ്ടാകുന്ന കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക്കില്ലെന്നും ഉത്തരവിലുണ്ട്. സര്‍ക്കാര്‍ അല്ലാതെ കമ്പനിയുടെ എം.ഡിയും ജീവനക്കാരും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് വേണ്ടി രൂപീകരിച്ച കമ്പനി സര്‍ക്കാരിന്‍റേതാണെന്ന് പറയുമ്പോള്‍ തന്നെ ബജറ്റിലൂടെയും അല്ലാതെയും ഒരു സഹായവും നല്‍കില്ലെന്നത് 47 ലക്ഷത്തോളം പെന്‍ഷന്‍ ഗുണഭോക്താക്കളെ പ്രതികൂലമായി ബാധിക്കും. പ്രാഥമിക കടമയായ പെന്‍ഷന്‍ വിതരണം ഒരു കമ്പനിയെ ഏല്‍പിച്ച സര്‍ക്കാര്‍ തന്നെയാണ് എല്ലാ പിന്തുണയും പിന്‍വലിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
ബജറ്റിന് പുറത്തുള്ള കടമെടുപ്പ് അപകടം ക്ഷണിച്ച് വരുത്തുമെന്ന് പ്രതിപക്ഷം നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കിഫ്ബി ഉള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ ജാമ്യത്തിലാണ് കടമെടുക്കുന്നത്. ഈ കടബാധ്യത അവസാനം ബജറ്റിലേക്ക് തന്നെ വരികയും സര്‍ക്കാരിന്റെ ബാധ്യതയായി മാറുകയും ചെയ്യും. അപ്പോള്‍ പുറത്ത് കടം എടുക്കുന്നതില്‍ അർഥമില്ലാതാകും. ഇപ്പോള്‍ അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
സഞ്ചിത നിധിയില്‍ നിന്നാണ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 13,662.47 രൂപ നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ കൊടുക്കുന്ന നികുതിയാണ് സഞ്ചിത നിധി. ബജറ്റിന്റെ ഭാഗമാകേണ്ട ആ സഞ്ചിത നിധിയില്‍ നിന്നാണ് കിഫ്ബിക്കും പണം നല്‍കിയിരിക്കുന്നത്. ആ പണമാണ് കിഫ്ബി എല്ലാ നിയോജക മണ്ഡലങ്ങലെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്നത്. നകുതിപണം എടുത്ത് നല്‍കിയിട്ടാണ് ഔദാര്യമെന്ന് ധനമന്ത്രി പറയുന്നത്. കിഫ്ബി വരുത്തുന്ന ബാധ്യത ജനങ്ങളുടെ തലയിലേക്ക് കെട്ടിവെക്കുകയാണ്. കിഫ്ബി വരുത്തുന്ന എല്ലാ ബാധ്യതകളും സര്‍ക്കാരിന്റെ ബാധ്യതയാണ്. നിയമ നിര്‍മ്മാണവേളയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. ആദ്യം സി.എ.ജിയും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും അതു തന്നെയാണ് പറയുന്നത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ കടബാധ്യതയുടെയും ജി.എസ്.ഡി.പിയുടെയും അനുപാതം 31.3 ശതമാനമായിരുന്നു. ഇത് 2026-27 ആകുമ്പോഴേക്കും ജി.എസ്.ഡി.പിയുടെ 38.2 ശതമാനമായി വര്‍ധിക്കുമെന്നാണ് ആര്‍.ബി.ഐ പോലും പറഞ്ഞിരുന്നത്. എന്നാല്‍ 2020-21ല്‍ തന്നെ കേരളത്തിന്റെ കടം ജി.എസ്.ഡി.പിയുടെ 37.18 ശതമാനമായി. ജി.എസ്.ഡി.പിയുടെ അനുപാതം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം പോകുന്നത്.
ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ അളക്കുന്ന മറ്റൊരു സൂചികയാണ് ഐപി-ആര്‍ആര്‍ അനുപാതം (Interest Payment to Revenue Receipts). ഒരു സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ എത്ര ശതമാനം പലിശക്കായി വിനിയോഗിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2020-21ല്‍ കേരളത്തിന്റെ ഐപി-ആര്‍ആര്‍ അനുപാതം 18.8 ശതമാനമായിരുന്നു. ഇന്ത്യയിലെ ഏറ്റവും മോശമായ നാല് സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളം. അടുത്തമാസം ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്.
ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ ഏറ്റവും ഗുണം കിട്ടുന്നത് കേരളമായിരിക്കുമെന്നാണ് മുന്‍ ധന മന്ത്രി നിയമസഭയില്‍ പറഞ്ഞത്. 30 ശതമാനത്തിന്റെ നികുതി വര്‍ധനവ് ഉണ്ടാകുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത് പത്ത് ശതമാനത്തില്‍ ഒതുങ്ങി. ജി.എസ്.ടി ഫലപ്രദമായി നടപ്പാക്കണമെന്ന് പ്രതിപക്ഷം അന്നേ ആവശ്യപ്പെട്ടിരുന്നതാണ്. വാറ്റിന് വേണ്ടിയുള്ള നികുതി ഭരണ സംവിധാനമാണ് കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ നയിക്കുന്നത്. നികുതി കുടിശിക പിരിച്ചെടുക്കാതെ പെട്ടിക്കടക്കാര്‍ക്ക് നോട്ടീസ് അയക്കുകയാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
അപകടകരമായ നിലയിലേക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണവും പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.