തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ വെള്ളനിറത്തിന്റെ കാര്യത്തിൽ മലക്കം മറിഞ്ഞ് മോട്ടോർ വാഹനവകുപ്പ്. ബസുകൾക്ക് വീണ്ടും പഴയപടി നിറങ്ങൾ നൽകാനുള്ള ആലോചന സജീവമമാണ്. മാത്രമല്ല, ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) ജൂലൈയിൽ ചേരുന്ന യോഗത്തിന്റെ അജണ്ടയിൽ ഈ വിഷയവും ഇടംപിടിച്ചു. മന്ത്രി ആൻറണി രാജു മന്ത്രിയായിരിക്കെയാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളംനിറം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. എന്നാൽ, മന്ത്രിമാറിയതോടെ ഇ-ബസുകളുടെയും സ്വിഫ്റ്റുകളുടെയും കാര്യത്തിലെന്നപോലെ ടൂറിസ്റ്റ് ബസുകളുടെ നിറത്തിലും നിലപാട് തലകീഴാവുകയാണ്.
2022ലെ വടക്കാഞ്ചേരി അപകട പശ്ചാത്തലത്തിലാണ് ടൂറിസ്റ്റുകൾക്ക് വെള്ള നിറമേർപ്പെടുത്തിയത്. കാഴ്ചക്ക് തടസ്സമെന്നതാണ് നിറങ്ങൾക്കും അനിയന്ത്രിത ഗ്രാഫിക്സുകൾക്കുമുള്ള പ്രശ്നമായി ഗതാഗത കമീഷണറേറ്റ് വിലയിരുത്തിയത്. അനധികൃത ലൈറ്റുകളും ഹോളുകളുമെല്ലാം അന്ന് അഴിപ്പിച്ചു. നിറം മാറ്റത്തിനെതിരെ ബസുടമകൾ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
പുതിയ നിർദേശങ്ങൾ ടൂറിസ്റ്റ് ബസ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതായി ടൂറിസ്റ്റ് ബസുടമകളുടെ സംഘടന ആരോപിച്ചെങ്കിലും ഗതാഗത വകുപ്പ് വഴങ്ങിയില്ല. എന്നാല്‍, മന്ത്രിമാറിയതോടെ മോട്ടോര്‍വാഹവനകുപ്പിന്റെ നിലപാടും മാറി. നിറം മാറ്റത്തിന് പച്ചക്കൊടി വീശി മന്ത്രി ഗണേഷ്കുമാർ തന്നെ രംഗത്തെത്തിയയോടെ ഏറക്കുറെ തീരുമാനമായ നിലയായി. നിയമപരമായ കടമ്പ കടക്കൽ മാത്രമാണ് എസ്.ടി.എ യോഗത്തിൽ പരിഗണിച്ച് പാസാക്കൽ. ജൂലൈ ആദ്യത്തിൽ ചേരുന്ന എസ്.ടി.എ യോഗത്തിൽ മറിച്ചൊരു തീരുമാനമുണ്ടാകാൻ ഇടയില്ല.
മോട്ടോര്‍വാഹനവകുപ്പിന്റെ ശിപാര്ശയായാണ് കളര്മാറ്റ കാര്യം അജണ്ടയിൽ ഇടം പിടിച്ചെന്നതിനാൽ വിശേഷിച്ചും. ഇതിനിടെ രാത്രിയില്‍ കറുപ്പ് നിറം ഉപയോഗിക്കാന്‍ ടിപ്പര്‍ലോറികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സമീപകാലത്താണ് ചരക്കു വാഹനങ്ങള്‍ക്ക് മുന്നിലെയും പിന്നിലെയും മഞ്ഞനിറം ഒഴിവാക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.