തിരുവനന്തപുരം: പട്ടികജാതി വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് പി.ജി പഠനത്തിന് സർവിസ് ക്വോട്ട സീറ്റ് അനുവദിക്കുന്നതിലെ തർക്കത്തിൽ ഗവ. മെഡിക്കൽ കോളജുകളിലെ 17 പി.ജി സീറ്റുകൾ നഷ്ടമായി.മെഡിക്കൽ പി.ജി കോഴ്സുകളിൽ പ്രവേശനം നടത്താൻ സുപ്രീംകോടതി നീട്ടിനൽകിയ സമയം വെള്ളിയാഴ്ച അവസാനിച്ചു. പ്രത്യേക സാഹചര്യത്തിൽ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചില്ലെങ്കിൽ 17 സീറ്റുകളും നഷ്ടമാകും.
നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ആരോഗ്യ ഡയറക്ടറേറ്റ്, ഇൻഷുറൻസ് മെഡിക്കൽ സർവിസസ് ഡയറക്ടറേറ്റ് എന്നിവക്ക് കീഴിലുള്ള ഡോക്ടമാർക്കാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ പി.ജി പ്രവേശനത്തിന് സർവിസ് ക്വോട്ട അനുവദിക്കുന്നത്. പാലക്കാട് മെഡിക്കൽ കോളജിലെ ഡോക്ടമാരും സർവിസ് ക്വോട്ടയിൽ പി.ജി പ്രവേശനം ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. ഇതേതുടർന്ന് ഇവർ ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയിലെത്തിയെങ്കിലും ഹൈകോടതി വിധി ശരിവെക്കുകയായിരുന്നു.
ഇതുപ്രകാരം സർക്കാർ ഉത്തരവിറക്കിയപ്പോൾ മൂന്ന് സീറ്റാണ് പാലക്കാട് കോളജിലുള്ളവർക്കായി നീക്കിവെച്ചത്. എന്നാൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ ക്വോട്ട സീറ്റിലേക്ക് പൂർണമായും തങ്ങളെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് കോളജിലുള്ളവർ കോടതിയെ സമീപിച്ചു.
ചുരുക്കം സീറ്റ് മാത്രം അനുവദിച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കുകയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ ക്വോട്ടയിലേക്ക് ഇവരെ പരിഗണിക്കാൻ നിർദേശിക്കുകയും ചെയ്തു. കോടതി നടപടികൾ നീണ്ടതോടെ സർവിസ് ക്വോട്ടയിലേക്ക് ഒറ്റ അലോട്ട്മെന്‍റ് മാത്രമാണ് പ്രവേശന പരീക്ഷ കമീഷണർക്ക് നടത്താനായത്.
സർക്കാർ മെഡിക്കൽ കോളജുകളിൽ 43 പി.ജി സീറ്റുകളാണ് സർവിസ് ക്വോട്ടയിൽ നീക്കിവെച്ചത്. ഇതിൽ 30 സീറ്റിലേക്കാണ് ആദ്യ അലോട്ട്മെന്‍റ് നടന്നത്. അലോട്ട്മെന്‍റ് ലഭിച്ചവരിൽ നാല് പേർ പ്രവേശനം നേടാത്ത നാല് സീറ്റുൾപ്പെടെ 17 സീറ്റുകളാണ് രണ്ടാം അലോട്ട്മെന്‍റിലൂടെ നികത്തേണ്ടിയിരുന്നത്. പീഡിയാട്രിക്സ്, ഗൈനക്കോളജി ഉൾപ്പെടെ ഡിമാന്‍റുള്ള പി.ജി സീറ്റുകളാണ് ആരോഗ്യവകുപ്പിന്‍റെ വീഴ്ച കാരണം നികത്താൻ കഴിയാതെ പോയത്.
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ പി.ജി മെഡിക്കൽ സർവിസ് ക്വോട്ട സീറ്റുകളിലേക്ക് നടത്തിയ അലോട്ട്മെന്‍റ് പിൻവലിച്ചേക്കും. പാലക്കാട് മെഡിക്കൽ കോളജിലെ ഡോക്ടർമാരെ കൂടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനുള്ള (ഡി.എം.ഇ) ക്വോട്ടയിലേക്ക് പരിഗണിച്ച് സർവിസ് ക്വോട്ട ലിസ്റ്റ് വീണ്ടും തയാറാക്കാൻ ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി നിർദേശം നൽകിയതോടെയാണ് ആദ്യ അലോട്ട്മെന്‍റ് പിൻവലിക്കേണ്ടിവരുന്നത്.
ഇതോടെ ഡി.എം.ഇ ക്വോട്ടയിൽ ആദ്യ അലോട്ട്മെന്‍റിൽ പ്രവേശനം നേടിയ പലരും പുറത്താകും. പുതുക്കിയ പട്ടിക ഉടൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രവേശന പരീക്ഷ കമീഷണർക്ക് നൽകും. സംസ്ഥാന ക്വോട്ടയിലുള്ള പി.ജി സീറ്റിന്‍റെ പത്ത് ശതമാനമാണ് സർക്കാർ ഡോക്ടർമാർക്കുള്ള സർവിസ് ക്വോട്ടയായി നീക്കിവെച്ചത്.
ഇതിൽ 45 ശതമാനം സീറ്റുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ളവർക്കും 45 ശതമാനം ആരോഗ്യ ഡയറക്ടറേറ്റിന് കീഴിലുള്ളവർക്കും പത്ത് ശതമാനം ഇൻഷുറൻസ് മെഡിക്കൽ സർവിസ് ക്വോട്ടയിലുമാണ്. ഇതിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനുള്ള സർവിസ് ക്വോട്ടയിലേക്കാണ് പാലക്കാട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനുകൂല വിധി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.