നെൽകർഷകർക്ക് കൊടുക്കാനുള്ളത് 433 കോടിയെന്ന് ജി.ആർ അനിൽ

തിരുവനന്തപുരം: നെൽകർഷകർക്ക് കൊടുക്കാനുള്ളത് 433 കോടിയെന്ന് മന്ത്രി ജി.ആർ അനിൽ.  2022-23 സീസണിൽ കർഷകർക്ക് ആകെ നൽകേണ്ടിയിരുന്നത് 2070.71 കോടി രൂപയാണ്. അതിൽ 1637.83 കോടി രൂപ കൊടുത്തു. ബാക്കി 433 കോടി രൂപയിൽ 180 കോടി രൂപ സർക്കാർ അനുവദിച്ചുവെന്നും കെ.ബാബു, ഡോ. മാത്യു കുഴൽനാടൻ, സണ്ണി ജോസഫ്, ടി.ജെ വിനോദ് എന്നിവരുടെ ചോദ്യത്തിന് നിയമസഭയിൽ മന്ത്രി മറുപടി നൽകി.

ഏകേദശം 54400 കർഷകർക്കാണ് തുക നൽകുനള്ളത്.  ശേഷിക്കുന്ന തുക നൽകുന്നതിനുള്ള സത്വര നടപടികൾ സർക്കാർ തുടങ്ങി. ഇതോടൊപ്പം വായ്പ ലഭ്യമാക്കുന്നതിനായി എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയടങ്ങിയ കൺസോർഷ്യവുമായി ചർച്ച നടത്തി. കാര്യക്ഷമമായി ഭാവിയിൽ നെല്ലുസംഭരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന വായ്പാ സംവിധാനം ക്രമീകരിക്കുന്നതിന് കേരള ബാങ്കുമായുംകൂടിയാലോചനകൾ നടത്തുന്നു.

കേന്ദ്രസർക്കാർ നൽകുന്ന എം.എസ്.പിയും സംസ്ഥാന സർക്കാർ നൽകുന്ന സംസ്ഥാന പ്രോത്സാഹന ബോണസുമാണ് വികേന്ദ്രീകൃത ധാന്യസംഭരണ-സംസ്കരണ വിതരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ വിലയായി കർഷകന് ലഭിക്കുക. സംഭരിച്ച നെല്ല് അരിയാക്കി പൊതുവുതരണ സംവിധാനം വഴി വിതരണം ചെയ്തശേഷം മാത്രമേ തുക ലഭിക്കുന്നതിനുള്ള ക്ലെയിം കേന്ദ്രസർക്കാരിലേക്ക് അയക്കാൻ സാധിക്കുകയുള്ളൂ.

മൂന്ന് മാസത്തിൽ ഒരിക്കലാണ് ക്ലെയിം സമർപ്പിക്കുന്നത്. അതിനാൽ നെല്ലുസംഭരിച്ചതിനുശേഷം ആറുമാസം വരെ കഴിഞ്ഞാണ് ഈ തുക ലഭിക്കുന്നത്. നെല്ല് സംഭരിച്ചാലുടൻ തന്നെ കർഷകർക്ക് സംഭരണവില കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽനിന്ന് വിഹിതങ്ങൾ ലഭിക്കാതെ വരുന്നതിനാൽ പദ്ധതി നടത്തിപ്പിനുള്ള തുക മുൻകൂറായി സപ്ലൈകോ കണ്ടെത്തേണ്ടിവരുന്നു.

ബാങ്കുകളുമായി ധാരണയിലെത്തി പി.ആർ.എസ് വായ്പയായിട്ടാണ് നെല്ലുസംഭരണവില കർഷകർക്ക് നൽകാനുള്ള ക്രമീകരണം നടത്തുന്നത്. സപ്ലൈകോ കടമെടുപ്പ് പരിധി അധികരിച്ചതിനാൽ വായ്പ അനുവദിക്കാൻ ബാങ്കുകൾ വിമുഖത കാണിക്കുന്നത് കാരണമാണ് ഇപ്പോൾ നെല്ലിന്റെ വില നൽകാൻ കാലതാമസം നേരിടുന്നതെന്നും മന്ത്രി മറുപടി നൽകി. 

Tags:    
News Summary - GR Anil said that 433 crores should be paid to rice farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.