മുഹമ്മദ്‌ സിനാൻ

ഓട്ടോമാറ്റിക് ഗേറ്റിനിടയിൽ കുടുങ്ങി പേരക്കുട്ടി മരിച്ച വിവരമറിഞ്ഞ വല്യുമ്മ കുഴഞ്ഞു വീണു മരിച്ചു

വൈലത്തൂർ: ഓട്ടോമാറ്റിക് ഗേറ്റിനിടയിൽ കുടുങ്ങി നാലാം ക്ലാസുകാരനായ പേരക്കുട്ടി മരിച്ച വിവരമറിഞ്ഞ വല്യുമ്മ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. വൈലത്തൂർ ചിലവിൽ ചങ്ങണക്കാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ്‌ സിനാനാണ് (9) അയൽവീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനിടയിൽ കുടുങ്ങി ഇന്നലെ മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്‍റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ (51) ആണ് രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് ഒമ്പതു വയസുകാരൻ അപകടത്തിൽപ്പെട്ടത്. അയൽവീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിന് പോകുമ്പോഴാണ് ഗേറ്റിൽ കുടുങ്ങിയത്. ഇതുവഴി നടന്നു പോയ നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്.

ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എല്ലാവരും ഹജ്ജിന് പോയതിനാൽ അപകടം സംഭവിച്ച വീട്ടിൽ ആരുമില്ലായിരുന്നു. ഗേറ്റിനരികെ കളിക്കുന്നതിനിടെ അറിയാതെ സ്വിച്ചമർത്തിയതാണ് അപകട കാരണമെന്നാണ് പൊലീസ് അറിയിച്ചത്.

തിരൂർ എം.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ് സിനാൻ. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചിലവിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: സജില. സഹോദരി: അസ്മ ഐവ.

Tags:    
News Summary - Grandson had Died: Grand Mother collapsed and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.