ഗ്രീൻഫീൽഡ് ഹൈവേ: സ്ഥലമേറ്റെടുക്കലിന് പ്രാഥമിക നടപടികളായി

തുവ്വൂർ: ഭാരത്മാല പദ്ധതിയിൽ ഒരുങ്ങുന്ന പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുക്കലിന് പ്രാഥമിക നടപടികളായി. ഇതുസംബന്ധിച്ച വിജ്ഞാപനവും ആകാശ സർവേ അനുസരിച്ചുള്ള ഭൂവിവരങ്ങളും കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്നു.

ബ്ലോക്ക്, സർവേ നമ്പറുകളടങ്ങുന്ന വിജ്ഞാപനം കരുവാരകുണ്ട്, തുവ്വൂർ വില്ലേജുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഏറ്റെടുക്കാനുള്ള സ്ഥലത്തിന്റെ ബ്ലോക്ക്, സർവേ നമ്പറുകളും മറ്റു വിവരങ്ങളുമുണ്ട്. പാലക്കാട് ജില്ലയിൽനിന്ന് എടപ്പറ്റ ഗ്രാമപഞ്ചായത്ത് വഴി മലപ്പുറം ജില്ലയിലെത്തുന്ന പാത കരുവാരകുണ്ട്, തുവ്വൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നുണ്ട്. ഇരിങ്ങാട്ടിരിയിൽനിന്ന് സംസ്ഥാനപാത മുറിച്ചുകടന്ന് ആലത്തൂർ വഴി തുവ്വൂർ പഞ്ചായത്തിലെത്തും.

പായിപ്പുല്ലിൽ വീണ്ടും സംസ്ഥാനപാത മുറിച്ചു കടന്ന് പള്ളിപ്പറമ്പ്, വിലങ്ങുംപൊയിലിൽ റെയിൽപാതയും കടന്നാണ് പാണ്ടിക്കാട് പഞ്ചായത്തിൽ പ്രവേശിക്കുക. വിജ്ഞാപനമനുസരിച്ച് കരുവാരകുണ്ടിൽ 73 സർവേ നമ്പറുകളാണുള്ളത്. കൂടുതൽ ദൂരം കടന്നുപോകുന്ന തുവ്വൂരിൽ 230 സർവേ നമ്പർ ഉള്ളതിനാൽ ആരെല്ലാം സ്ഥലം വിട്ടുനൽകേണ്ടിവരും എന്നത് വിജ്ഞാപനത്തിൽ വ്യക്തമാണ്.

എന്നാൽ, റോഡിന്റെ റൂട്ട് കൃത്യമായി നിർണയിച്ചിട്ടില്ലാത്തതിനാൽ എത്ര വീടുകൾ ഉൾപ്പെടും എന്ന് ഉറപ്പിക്കാനായിട്ടില്ല. ഏകദേശം മുപ്പതിലേറെ വീടുകൾ കരുവാരകുണ്ടിലും എഴുപതോളം തുവ്വൂരിലും ഉൾപ്പെട്ടേക്കും. ഹൈവേയുടെ മാപ് ഇറങ്ങുകയും കല്ലുകൾ നാട്ടുകയും ചെയ്യുമ്പോഴേ ഏറ്റെടുക്കുന്ന ഭൂമിയെക്കുറിച്ച വ്യക്തമായ ചിത്രം തെളിയൂ. റവന്യൂ അധികൃതർക്കും ഇതേക്കുറിച്ച് ഇപ്പോൾ കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ഭൂമി ഏറ്റെടുക്കൽ നടപടി വൈകാതെ ആരംഭിക്കുന്നതിനാൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ട സർവേ നമ്പറുകളുടെ ഭൂവുടമകൾ പട്ടയം ഉൾപ്പെടെയുള്ള രേഖകൾ ഉറപ്പുവരുത്തേണ്ടിവരും. അതേസമയം, പരാതികൾ സമർപ്പിക്കാൻ ഈ മാസം 21 വരെ സമയം നൽകിയിട്ടുണ്ട്. ഇതുപക്ഷേ നടപടിക്രമങ്ങളുടെ ഭാഗം മാത്രമായാണ്. സർവേ പ്രകാരമുള്ള സ്ഥലം ഉടമകൾ നിർബന്ധമായും വിട്ടുകൊടുക്കേണ്ടിവരും. ഇതിനെതിരായ പരാതികൾ അംഗീകരിക്കാനുമിടയില്ല.

ഭൂമിയുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയും വില പലയിടത്തും പലതാണ്. ഇവ സംബന്ധിച്ച കണക്ക് വ്യക്തവുമല്ല. അതിനാൽ വിലയുമായി ബന്ധപ്പെട്ട പരാതികൾക്ക് സമയമായിട്ടുമില്ല.

Tags:    
News Summary - Greenfield Highway: Land Acquisition As preliminary steps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.