പാലക്കാട്: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതക്കായി ഭൂമി വിട്ടുനൽകുന്നവർക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരവുമായി കോഓഡിനേഷൻ കമ്മിറ്റി. പാലക്കാട് ദേശീയപാത പ്രോജക്ട് ഡയറക്ടർ ഓഫിസിന് മുന്നിൽ നവംബർ ഏഴിന് രാവിലെ പത്തിന് ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. ദേശീയപാത കടന്നുപോകുന്ന കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഭൂമി വിട്ടുനൽകുന്ന ആളുകൾ പങ്കെടുക്കും. സ്ഥലമേറ്റെടുക്കുന്ന വിഷയത്തിൽ അധികൃതർ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നത്. നഷ്ടപരിഹാര വിതരണത്തിൽ കൃത്യമായ ധാരണകളില്ലാതെയാണ് ഏറ്റെടുക്കൽ നടപടിക്കൊരുങ്ങുന്നത്.
വിപണിവില കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്നും കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാത കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. കമ്മിറ്റി ചെയർമാൻ കെ.ടി. ഹംസപ്പ, ജില്ല ട്രഷറർ ഷാജഹാൻ കാപ്പിൽ, അഹമ്മദ് സുബെർ പാറക്കോട്, കോമുക്കുട്ടി കുട്ടശ്ശേരി, ജില്ല ചെയർമാൻ ഉമ്മർ കുട്ടി കാപ്പിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.