തിരുവനന്തപുരം: തമിഴ്നാട് നെയ്യൂരിലെ കോളജിൽ വെച്ചും ഷാരോണിനെ കൊലപ്പെടുത്താൻ പ്രതി ഗ്രീഷ്മ ശ്രമിച്ചിരുന്നതായി അന്വേഷണസംഘം. ഗ്രീഷ്മയെ കസ്റ്റഡിയിൽ ചോദ്യംചെയ്തതിലും തെളിവെടുപ്പിലുമാണ് ഈ വിവരം ലഭിച്ചത്. ഉയർന്ന അളവിൽ പാരസെറ്റാമോൾ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകിയാണ് കൊലപ്പെടുത്താൻ ആദ്യം ഗ്രീഷ്മ ശ്രമിച്ചത്. നെയ്യൂരിലെ കോളജിൽ ജ്യൂസ് ചലഞ്ച് നടത്തിയത് ഇതിന്റെ ഭാഗമാണെന്ന് ഗ്രീഷ്മ സമ്മതിച്ചതായി അന്വേഷണസംഘം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി അമ്പതിലധികം ഗുളികകൾ കുതിർത്ത് ഗ്രീഷ്മ കൈയിൽ സൂക്ഷിച്ചത്രേ.
കോളജിനോടനുബന്ധിച്ച ശുചിമുറിയിൽ വെച്ചാണ് ഗുളിക ജ്യൂസിൽ കലർത്തിയത്. എന്നാൽ കയ്പ്പ് കാരണം ഷാരോൺ അത് തുപ്പിയതിനാൽ രക്ഷപ്പെട്ടു. കുഴിത്തറ പാലത്തിന് സമീപത്താണ് ജ്യൂസ് ചലഞ്ച് നടത്തിയതെന്ന് ഗ്രീഷ്മ സമ്മതിച്ചു. ജ്യൂസ് വാങ്ങിയ കട, നെയ്യൂരിലെ ക്രിസ്ത്യൻ കോളജ്, ഷാരോണും ഗ്രീഷ്മയും താമസിച്ച തൃപ്പരപ്പിലെ ഹോംസ്റ്റേ എന്നിവിടങ്ങളിലെല്ലാം ഗ്രീഷ്മയുമായി അന്വേഷണസംഘം ബുധനാഴ്ച തെളിവെടുപ്പ് നടത്തി. കൊലക്കായി താൻ നടത്തിയ ശ്രമങ്ങൾ ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. അതിന് മുമ്പായി ഗ്രീഷ്മയുടെ ശബ്ദപരിശോധനയും ആകാശവാണിയിൽ നടത്തി. ഈ ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടെ പൊലീസ് കോടതിയിൽ സമർപ്പിക്കും.
ഗ്രീഷ്മയുമായുള്ള അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് പൂർത്തിയായതായി അന്വേഷണ സംഘത്തലവൻ റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസൺ പറഞ്ഞു. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ കോടതിയിൽ ഹാജരാക്കും.
ഗ്രീഷ്മയുടെ വീട്ടിൽനിന്ന് കഷായം നിർമിച്ച പൊടി, കളനാശിനി കലർത്താൻ ഉപയോഗിച്ച പാത്രങ്ങൾ, കുപ്പി, മുറിയിലെ തറയിൽ വീണ കളനാശിനിയുടെ തുള്ളികൾ തുടച്ചുനീക്കിയ തുണി എന്നിവ അന്വേഷണസംഘം കണ്ടെടുത്തിരുന്നു.
ഒക്ടോബർ 25നായിരുന്നു ഷാരോണിന്റെ മരണം. സംഭവത്തിൽ 30നായിരുന്നു ഗ്രീഷ്മയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.