‘ഗ്രോ വാസു തീവ്രവാദിയോ രാജ്യദ്രോഹിയോ അല്ല, കേസ് പിൻവലിക്കണം’; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

തിരുവനന്തപുരം: വന്ദ്യവയോധികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി. ഗ്രോ വാസുവിനോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും വി.ഡി സതീശൻ കത്തി ആവശ്യപ്പെട്ടു.

കത്തിന്‍റെ പൂർണരൂപം:

വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പോലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ടു. 94കാരനായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് അങ്ങയുടെ പൊലീസ്. തൊപ്പി കൊണ്ട് ഗ്രോ വാസുവിന്റെ മുഖം മറക്കുന്നതും ഇതേ പൊലീസാണ്. മനഃസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണത്.

എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്? തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ മനുഷ്യരെ തോക്കിൻ മുനയിൽ നിർത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം.

51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആൾമറാട്ടവും വ്യാജരേഖാ നിർമാണവും നടത്തുന്ന സി.പി.എം ബന്ധുക്കളും പൊലിസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വന്ദ്യവയോധികനോട് കേരള പൊലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നത്. നിയമസഭ അടിച്ചു തകർത്ത കേസ് അടക്കം പ്രമാദമായ എത്രയോ കേസുകൾ എഴുതിത്തള്ളാൻ വ്യഗ്രത കാട്ടിയ സർക്കാരാണ് അങ്ങയുടേത്. ഗ്രോ വാസുവിന്റെ പേരിലുള്ള കേസും പിൻവലിച്ചാൽ എന്താണ് കുഴപ്പം?

ഗ്രോ വാസുവിന്റെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുള്ളവരുണ്ടാകാം. എന്നാൽ, 94 വയസിലും അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോരാട്ടവീര്യത്തെ അംഗീകരിച്ചേ മതിയാകൂ. നമ്മളിൽ പലരുടേയും പ്രായത്തേക്കാൾ പൊതുപ്രവർത്തന പരിചയമുള്ളയാളാണ് വാസുവേട്ടൻ. അങ്ങനെയൊരാളിന്റെ വായ മൂടികെട്ടുന്ന, മുഖം മറക്കുന്ന, കൈപിടിച്ച് ഞെരിക്കുന്ന പൊലീസ് സേനയെ കുറിച്ച് മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങേക്ക് മതിപ്പുണ്ടോ? അപമാനഭാരത്താൽ അങ്ങയുടെ തല താഴ്ന്നു പോകുന്നില്ലേ? ഇതാണ് താങ്കൾ നയിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലെ പൊലീസ് എന്നോർത്ത് ലോകം ലജ്ജിച്ച് തലതാഴ്ത്തും.

ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണം. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും ആവശ്യപ്പെടുന്നു.

Tags:    
News Summary - 'Gro Vasu is not a terrorist or a traitor, the case should be withdrawn'; Opposition leader's letter to Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.