പാലക്കാട്: ചരക്കുസേവന നികുതിയുടെ മറവിൽ സിമൻറ് കമ്പനികൾ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു. നികുതി കുറഞ്ഞതോടെ വില കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിയാണ് കമ്പനികൾ വില കൂട്ടി ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. ജി.എസ്.ടിക്ക് മുമ്പ് 31.7 ശതമാനമായിരുന്നു സിമൻറ് നികുതി. ജി.എസ്.ടിയിൽ നികുതി 28 ശതമാനമാക്കി കുറച്ചു. സിമൻറ് വിലയിൽ നാല് ശതമാനം കുറവുണ്ടാകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, കുത്തനെ വിലകൂട്ടി അതിൽനിന്ന് നാല് ശതമാനം കുറക്കുന്ന നിലപാടാണ് കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. മലബാർ സിമൻറ്സിെൻറ വിലയിലും വർധനവുണ്ടായതായി മൊത്തവ്യാപാരികൾ പറയുന്നു. ജി.എസ്.ടിക്ക് മുമ്പ് 345 രൂപക്കായിരുന്നു മലബാർ സിമൻറ്സ് 50 കിലോ വരുന്ന ഒരു ചാക്ക് മൊത്തവ്യാപാരികൾക്ക് നൽകിയിരുന്നത്. 360-375 രൂപക്കായിരുന്നു ചില്ലറ വ്യാപാരികൾ വിൽപന നടത്തിയിരുന്നത്. തിരുനാവായയിലെ ഗോഡൗണിൽനിന്ന് മലപ്പുറം, തൃശൂർ ജില്ലകളിലെ മൊത്തവ്യാപാരികൾക്ക് 335 രൂപക്ക് സിമൻറ് ലഭ്യമായിരുന്നു. എന്നാൽ, ജി.എസ്.ടി നടപ്പാക്കിയശേഷം 360-380 രൂപയാണ് ഒരു ചാക്ക് സിമൻറിന് മലബാർ സിമൻറ്സ് മൊത്തവ്യാപാരികളിൽനിന്ന് ഈടാക്കുന്നത്.
ഉപഭോക്താക്കൾ ഒരു ചാക്ക് സിമൻറിന് 405 രൂപ നൽകണം. ഇതിൽനിന്ന് 10 രൂപയുടെ കുറവ് വരുത്തുമെന്നാണ് ഇപ്പോൾ കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. ശരാശരി ഒരു ചാക്ക് സിമൻറിന് 13 രൂപയുടെ കുറവുണ്ടാകുമെന്നായിരുന്നു നിഗമനം. എന്നാൽ, ഫലത്തിൽ ശരാശരി 15 രൂപയുടെ വർധനവാണുണ്ടായത്. മലബാർ സിമൻറ്സിന് പുറമെ എ.സി.സി, ശങ്കർ, രാംകോ, ചെട്ടിനാട്, അൾട്രാടെക് കമ്പനികളുടെ സിമൻറാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്നത്. ഇവയുടെ വിലയിലെല്ലാം 10 മുതൽ 15 രൂപയുടെ വർധനവുണ്ടായി. മൊത്തവ്യാപാരികൾക്ക് നൽകിയിരുന്ന ഡിസ്കൗണ്ട് ഇല്ലാതാക്കിയാണ് സ്വകാര്യ കമ്പനികൾ വില വർധിപ്പിച്ചത്. നേരത്തെ എ.സി.സി സിമൻറ് ഒരു ചാക്കിന് 430 രൂപ ബില്ലിൽ വിലയിട്ടിരുന്നെങ്കിലും ഡിസ്കൗണ്ട് മൂലം 385 രൂപക്ക് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു. ജി.എസ്.ടി നടപ്പാക്കിയ ശേഷം ഡിസ്കൗണ്ട് നൽകാനാകില്ലെന്ന് കമ്പനി അറിയിച്ചതായി മൊത്തവ്യാപാരികൾ പറയുന്നു. ആന്ധ്രയിലെ ചില സിമൻറ് കമ്പനികൾ മാത്രമാണ് വില കൂട്ടാതെ സിമൻറ് നൽകുന്നത്. എന്നാൽ, ഇതിന് കേരളത്തിൽ ആവശ്യക്കാർ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.