കോയമ്പത്തൂർ: ജി.എസ്.ടി പ്രാബല്യത്തിലായതോടെ ഇറച്ചിക്കോഴിവില കുത്തനെ ഉയർന്നതിന് പിന്നിൽ തമിഴ്നാട്ടിലെ സ്വകാര്യ പൗൾട്രിഫാമുടമകളാണെന്ന ആരോപണം ശക്തമാകുന്നു. ജി.എസ്.ടിയിൽനിന്ന് ഇറച്ചിക്കോഴിയെ ഒഴിവാക്കിയതോടെ വില കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഉപഭോക്താക്കൾക്ക് ലഭ്യമാവേണ്ട നികുതിയിളവിെൻറ ആനുകൂല്യം തമിഴ്നാട്ടിലെ ഫാമുടമകൾ തട്ടിയെടുക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സാധാരണ റമദാൻ മാസവും ചെറിയ പെരുന്നാളും കഴിഞ്ഞാൽ സ്വാഭാവികമായും ഇറച്ചിക്കോഴി വില കുറയുകയാണ് പതിവ്. എന്നാൽ, ഇത്തവണ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ സ്വകാര്യ ഫാമുടമകൾ പടിപടിയായി വില ഉയർത്തി. 2013 ആഗസ്റ്റ് 29 മുതലാണ് കേരളം ഇറച്ചിക്കോഴിക്ക് ഒരു കിലോ 90 രൂപ എന്ന തറവില കണക്കാക്കി 14.5 ശതമാനം പ്രവേശനനികുതിയായി ഇൗടാക്കിത്തുടങ്ങിയത്. ഫാമിലെ സംഭരണവില എത്രയാണെങ്കിലും കേരള ചെക്ക്പോസ്റ്റുകളിൽ കിലോക്ക് 90 രൂപയെന്ന നിരക്കിലാണ് നികുതി ഇൗടാക്കിയിരുന്നത്. ഇൗ നികുതി ഒഴിവാക്കിയ സാഹചര്യത്തിൽ കേരളത്തിൽ ബ്രോയിലർ കോഴിയിറച്ചിക്ക് കിലോക്ക് 20 രൂപയുടെ വിലക്കുറവുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, കോയമ്പത്തൂർ മേഖലയിലെ ഫാമുടമകൾ ഒരാഴ്ചക്കിടെ കിലോക്ക് 20 രൂപയിലധികം വർധിപ്പിച്ചു.
കോയമ്പത്തൂർ മേഖലയിലെ പ്രമുഖ പൗൾട്രി കമ്പനിയായ ‘സുഗുണ’ വിതരണം ചെയ്യുന്ന ഇറച്ചിക്കോഴിയുടെ ജൂൺ 30ലെ സംഭരണവില കിലോക്ക് 105 രൂപ മാത്രമായിരുന്നു. എന്നാൽ, ജൂലൈ പത്തിന് ഇത് 122 രൂപയായി വർധിച്ചു. തോൽ നീക്കി ഡ്രസ് ചെയ്ത കോഴിയിറച്ചി 185 രൂപയിൽനിന്ന് 210 രൂപയായും ഉയർത്തി. മറ്റൊരു പ്രമുഖ വിതരണ കമ്പനിയായ വെൺകോബ് ജൂൺ 30ന് ഇറച്ചിക്കോഴി 98- -99 രൂപക്കാണ് വിറ്റിരുന്നത്. ജൂലൈ പത്തിന് ഇത് 115 ആയി ഉയർത്തി. തോൽ നീക്കി നൽകുന്ന കോഴിയിറച്ചി 205 രൂപയിൽനിന്ന് 231 രൂപയാക്കി. മേഖലയിലെ ഇറച്ചിക്കോഴി മൊത്തവ്യാപാരി സംഘത്തിെൻറ വിതരണശൃംഖലയിൽ പത്തുദിവസത്തിനിടെ കിലോക്ക് 22 രൂപയുടെ വർധനവാണ് വരുത്തിയത്. കാലാവസ്ഥവ്യതിയാനവും ജലക്ഷാമവും മൂലം ഉൽപാദനം കുറഞ്ഞതായാണ് പൗൾട്രി ഫാം കേന്ദ്രങ്ങൾ പറയുന്നത്. ആവശ്യം കൂടിയതും സ്റ്റോക്ക് കുറഞ്ഞതുമാണ് വിലവർധനവിന് കാരണമെന്ന് പല്ലടം കേന്ദ്രമായ ബ്രോയിലർ ചിക്കൻ കോഒാഡിനേഷൻ കമ്മിറ്റി സെക്രട്ടറി സ്വാതി കണ്ണൻ പറഞ്ഞു. ഇനിയും വില കൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഫാമുകളിലെ ഉൽപാദന ചെലവിൽ പൊടുന്നനെ വർധനവുണ്ടായിട്ടില്ലെന്നും ജി.എസ്.ടിയുടെ മറവിൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് കൊള്ളയടിക്കാനാണ് ഫാമുടമകൾ ശ്രമിക്കുന്നതെന്നും റീെട്ടയിൽ വ്യാപാരകേന്ദ്രങ്ങൾ പറയുന്നു. കേന്ദ്ര- സംസ്ഥാന സർക്കാറുകളിൽ തമിഴക ഫാമുടമകൾക്ക് നിർണായക സ്വാധീനമാണുള്ളത്. മിക്ക ഫാമുടമകളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമാണ്. കുറെ വർഷങ്ങളായി ഇറച്ചിക്കോഴിയുടെയും കോഴിമുട്ടയുടെയും വിലനിലവാരം നിയന്ത്രിക്കുന്നത് സ്വകാര്യ ഫാമുടമകളുടെ ഇൗ സിൻഡിക്കേറ്റാണെന്നും ആരോപണമുണ്ട്. അമ്പതോളം വൻകിട ഫാമുടമകളാണ് ഇതിലുള്ളതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.