തിരുവനന്തപുരം: ചരക്ക് സേവനനികുതി (ജി.എസ്.ടി) നടപ്പാക്കിയതോടെ മൂന്നു മാസത്തേക്ക് വരുമാനം കുറഞ്ഞ സംസ്ഥാന സർക്കാർ ഒാണച്ചെലവിന് പണം കണ്ടെത്താൻ പൊതുവിപണിയിൽനിന്ന് വൻതോതിൽ കടമെടുക്കും. 8000 കോടി രൂപയാണ് ഒാണത്തിന് ശമ്പളവും ഉത്സവബത്തയും ക്ഷേമപെൻഷനുകളും വിതരണം ചെയ്യാൻ വേണ്ടത്. ഇതിൽ 6000 കോടി കടമെടുക്കും. ബാക്കി പണം മദ്യം, പെട്രോൾ അടക്കമുള്ള മേഖലകളിൽനിന്ന് ലഭിക്കുമെന്നാണ് ധനവകുപ്പിെൻറ പ്രതീക്ഷ.
ജി.എസ്.ടിയിൽ സെപ്റ്റംബർ പത്തിനകമാണ് വ്യാപാരികൾ ആദ്യ റിേട്ടൺ നൽകേണ്ടത്. അതിനുശേഷമേ ഇതിനകം പിരിച്ച നികുതി ഖജനാവിലെത്തൂ. ആ സമയം ഒരുമിച്ച് കിട്ടുകയും ചെയ്യും. ജി.എസ്.ടി കൗൺസിലാണ് ഇൗ സമയപരിധി നിശ്ചയിച്ചത്. ഇൗ സമയത്ത് ഒാണം വരുന്നതിനാലാണ് കടമെടുക്കേണ്ടിവരുന്നത്. കടമെടുക്കേണ്ട സമയക്രമങ്ങൾ ധനവകുപ്പ് തയാറാക്കിക്കഴിഞ്ഞു.
ജൂലൈയിലെ ശമ്പളം ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. സെപ്റ്റംബർ ആദ്യം ഒാണമായതിനാൽ ആഗസ്റ്റിലെ ശമ്പളവും പെൻഷനും ആഗസ്റ്റ് അവസാനം വിതരണം ചെയ്യും. ക്ഷേമപെൻഷനുകൾ, മറ്റ് ആനുകൂല്യങ്ങൾ, േബാണസ്, ഉത്സവബത്ത എന്നിവയെല്ലാം 15ാം തീയതിക്കുശേഷം വിതരണം ചെയ്യും.
നടപ്പാക്കലിൽവന്ന ആശയക്കുഴപ്പങ്ങളും ആശങ്കകളും ഒഴിവാക്കിയാൽ ജി.എസ്.ടി സംസ്ഥാനത്തിന് സാമ്പത്തിക നേട്ടമാകുമെന്നാണ് ഒരു മാസത്തെ അനുഭവം വ്യക്തമാക്കുന്നത്. സർവതിനും സേവനനികുതി വന്നതും നിലവിലുള്ളത് കൂട്ടിയതുമാണ് വരുമാനം വർധിപ്പിക്കുക. നികുതിവല വ്യാപിക്കുന്നതും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരള വിലാസത്തിൽ വാങ്ങുന്ന ചരക്കുകളുടെ നികുതി ഇവിേടക്ക് വരുമെന്നതും സർക്കാറിന് നേട്ടമാകും.
അതേസമയം ജി.എസ്.ടി നിരക്ക് പ്രകാരം നിത്യോപയോഗ സാധനങ്ങളിൽ ഭൂരിപക്ഷത്തിനും വില കുറയണമെങ്കിലും വിപണിയിൽ ഒന്നിനും വില കുറഞ്ഞിട്ടില്ല. നിലവിൽ എക്സൈസ് നികുതി അടക്കം കാണിച്ചിരുന്ന വിലകൾക്കും പരമാവധി വിൽപനവിലക്കും പുറമെ ജി.എസ്.ടി കൂടി ഇൗടാക്കി വ്യാപാരികൾ ജനങ്ങളെ പിഴിയുന്നത് തുടരുകയാണ്. നികുതിയില്ലാത്ത കോഴി വിലയിൽപോലും കൊള്ള തുടരുന്നു. വില കുറയുന്ന സാധനങ്ങളുടെ പട്ടിക പുറത്തിറക്കിയും കോഴിവില നിശ്ചയിച്ചും ഭക്ഷണവില കുറയ്ക്കാൻ സർക്കാർ ചില ഇടപെടൽ നടത്തിയെങ്കിലും പൂർണമായി വിജയിച്ചില്ല. ജി.എസ്.ടി നിയമപ്രകാരം ചൂഷണം നടത്തുന്നവരെ പിടിക്കേണ്ടത് ആൻറി പ്രോഫിറ്റിയറിങ് അതോറിറ്റിയാണ്. ഇത് രൂപവത്കരിക്കേണ്ടത് കേന്ദ്ര സർക്കാറും. നാളിതുവരെ ഈ സംവിധാനം നിലവിൽവന്നിട്ടില്ല.
അതിർത്തി ചെക്പോസ്റ്റുകൾ ജി.എസ്.ടി വന്നതോടെ ഇല്ലാതായെങ്കിലും പകരം സംവിധാനം പൂർണമായി നിലവിൽവന്നിട്ടില്ല. ഇതുമൂലം വാഹനപരിശോധന നടക്കാത്തത് കള്ളക്കടത്തിന് വഴിവെക്കുന്നുവെന്ന ആക്ഷേപമുണ്ട്. നികുതിമാറ്റ കാലത്ത് ഉപഭോക്താക്കൾക്ക് അധികബാധ്യത നൽകേണ്ടിവരുന്നുവെന്ന പരാതികളുമുണ്ട്. ഇൻപുട്ട് ടാക്സ് െക്രഡിറ്റ് കിട്ടുമോ എന്ന ആശങ്ക വ്യാപാരികൾക്കുമുണ്ട്. ജി.എസ്.ടിയോടെ കുഴഞ്ഞുമറിഞ്ഞ വിപണി നേരെയാകാൻ മൂന്നുമാസമെങ്കിലും എടുക്കുമെന്നാണ് ധനവകുപ്പ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.