ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാത്രി എട്ടിന് തന്ത്രി കൊടിയേറ്റും. എട്ട് ദിവസമായി നടന്ന സഹസ്രകലശച്ചടങ്ങുകൾ ബ്രഹ്മകലശാഭിഷേകത്തോടെ സമാപിച്ചു. ഇടുതുടി, വീരാണം, ഇടക്ക, ചെണ്ട, തിമില, കൊമ്പ്, കുറുങ്കുഴൽ, നാഗസ്വരം, തവിൽ, ഇലത്താളം, ശംഖനാദം, ചേങ്ങില, ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ കലശങ്ങൾ കൂത്തമ്പലത്തിൽ നിന്ന് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു.
മേൽശാന്തി കൃഷ്ണൻ നമ്പൂതിരി ബ്രഹ്മകലശം എഴുന്നള്ളിച്ചു. തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് കലശാഭിഷേകത്തിന് മുഖ്യകാര്‍മികനായി. മാർച്ച് അഞ്ചിന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങ് മാത്രമായാണ് ഉത്സവം. പ്രസാദ ഊട്ടിന് പകരം ഭക്തര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യും.
10,000 കിറ്റുകള്‍ തയാറാക്കി. ഉത്സവദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ മുഖേന 5000 പേര്‍ക്ക് ദര്‍ശനം നടത്താം. പഴുക്കാമണ്ഡപ ദര്‍ശനത്തിന് ജീവനക്കാര്‍ക്ക് ഐ.ഡി കാര്‍ഡ് മുഖേനയും ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും തദ്ദേശവാസികള്‍ക്കും പാസ് മുഖേനയുമാണ് ദര്‍ശനം. വെര്‍ച്വല്‍ ക്യൂ വഴി 150 പേര്‍ക്ക് രാത്രി 8.30 മുതല്‍ 9.30 വരെ പഴുക്കാമണ്ഡപ ദര്‍ശനം അനുവദിക്കും. പ്രദേശവാസികള്‍ക്കും ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള പാസ് അതത് ദിവസം വൈകീട്ട് എട്ട് മുതല്‍ ഒമ്പത് വരെ ദേവസ്വം ഓഫിസില്‍നിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.