തിരുവനന്തപുരം: സമാനതകളില്ലാത്ത നീതിനിഷേധമാണ് മതംമാറ്റത്തിെൻറ പേരിൽ ഹാദിയ നേരിടുന്നതെന്നും ഇൗ വിഷയത്തിൽ സൂക്ഷ്മതയോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും സോളിഡാരിറ്റി സംഘടിപ്പിച്ച ബഹുജനസംഗമം അഭിപ്രായപ്പെട്ടു.
യുവതിയുടെ വിവാഹം അസാധുവാക്കി കോടതി നടത്തിയ നിരീക്ഷണങ്ങളും വിഷയം ദേശീയ അന്വേഷണ ഏജൻസിക്ക് വിട്ട സാഹചര്യവും ഒേട്ടറെ ചോദ്യങ്ങൾ ഉയർത്തുന്നു. മതംമാറിയെന്ന ഒറ്റ കാരണത്താൽ മനുഷ്യാവകാശവും നീതിയും സ്വാതന്ത്ര്യവും നിഷേധിച്ച് യുവതിയെ വീട്ടിനുള്ളിൽ പാർപ്പിച്ചിരിക്കുന്ന സമാനസാഹചര്യം കേട്ടുകേൾവി പോലുമില്ല. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പിന്നീട് വേണ്ടെന്നുവെക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു. ഹാദിയയുടെ പിതാവിെൻറ മാനസികാവസ്ഥയെ മാനിക്കണം.
എന്നാൽ, പ്രായപൂർത്തിയായ യുവതിയുടെ കാര്യത്തിൽ പുറംതിരിഞ്ഞു നിൽക്കരുതെന്നും സംഗമം ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടന്ന സംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ഹാദിയക്ക് എന്തു പറയാനുണ്ടെന്ന് കേൾക്കാൻ ഒരവസരം നൽകാത്ത സാഹചര്യം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല മതം മാറിയതെന്ന് ഇതിനകം തുറന്നുപറഞ്ഞു.
സ്വന്തം ഇഷ്ടത്തിന് മതംമാറുന്നത് രാജ്യത്ത് ആദ്യ സംഭവമല്ല. മതംമാറ്റം അനാവശ്യ ചർച്ചയിലേക്ക് വഴിമാറി മതസ്പർധയുണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള യത്നമാണ് ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ഏതെങ്കിലും സമ്മർദം കാരണമല്ല മതം മാറിയതെന്ന് ഹാദിയയുടെ കാര്യത്തിൽ വ്യക്തമാണ്. അനാവശ്യ സ്വത്വബോധം സൃഷ്ടിച്ച് ഇസ്ലാം മതത്തെ അപരവത്കരിക്കാനുള്ള ശ്രമമാണ് സമൂഹത്തിൽ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സി.പി. ജോൺ, ബി. രാജീവൻ, ഭാസുരേന്ദ്രബാബു, മൗലവി വി.പി. സുൈഹബ്, കെ.എ. ഷഫീഖ്, കെ.കെ. ബാബുരാജ്, യൂസുഫ് ഉമരി, ജുസൈന എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും ജില്ല സെക്രട്ടറി ജാസിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.