കോയമ്പത്തൂർ: ഹാദിയ ഭർത്താവ് ഷഫിൻ ജഹാനുമായി ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചതായി കോളജ് കേന്ദ്രങ്ങൾ അറിയിച്ചു. ബുധനാഴ്ച രാവിലെ പ്രിൻസിപ്പൽ ഡോ. ജി. കണ്ണന്റെയും പൊലീസിന്റെയും അനുമതിയോടെയാണ് ഹാദിയ ഫോണിൽ സംസാരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സേലത്തെത്തിയ ഉടൻ ഷഫിൻ ജഹാനുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കണക്ഷൻ കിട്ടിയിരുന്നില്ല. ഹാദിയയെ കാണാൻ ഷഫിൻ ജഹാനെ കോടതി വിലക്കിയിട്ടില്ലെന്നാണ് നിയമകേന്ദ്രങ്ങളും പറയുന്നത്.
ഹാദിയയെ കാണാൻ ഷഫിൻ ജഹാൻ അടുത്ത ദിവസം സേലത്ത് എത്തുമെന്നാണ് സൂചന. ഹാദിയ ആഗ്രഹിക്കുന്നവരെ കാമ്പസിൽവെച്ച് കാണാൻ അനുമതി നൽകുമെന്നും എന്നാൽ, മുൻകൂട്ടി അനുമതി വാങ്ങണമെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഹോസ്റ്റലിൽ സന്ദർശകർക്ക് നിയന്ത്രണമുണ്ടാവും. മൊൈബൽ ഫോണും അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഷഫിൻ ജഹാനെ കാണാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹാദിയ പൊലീസിന് അപേക്ഷ നൽകിയതായും റിപ്പോർട്ടുണ്ട്. ഹോസ്റ്റലിൽ നിലവിൽ ഒരു സബ് ഇൻസ്പെക്ടർ, ഒരു വനിത ഹെഡ് കോൺസ്റ്റബിൾ, രണ്ടു പൊലീസ് കോൺസ്റ്റബിൾമാർ എന്നിവരടങ്ങുന്ന സംഘമാണ് സുരക്ഷ ഡ്യൂട്ടിയിലുള്ളത്. ബുധനാഴ്ച രാവിലെ ഹാദിയ കോളജിലേക്ക് പോയിരുന്നുവെങ്കിലും ക്ലാസിൽ ഹാജരായില്ല.
പൊലീസ് സംഘവും ഹാദിയയെ അനുഗമിച്ചു. എം.ജി.ആർ മെഡിക്കൽ യൂനിവേഴ്സിറ്റിയിലേക്ക് ഹാദിയയുടെ അപേക്ഷയും മറ്റും ബുധനാഴ്ചയാണ് അയച്ചത്. സർവകലാശാലയുടെ അനുമതി ലഭ്യമാവുന്നതോടെ കോഴ്സിൽ ചേരാനാവും. ഹാദിയ മതിയായ രേഖകൾ സമർപ്പിച്ചാൽ കോളജ് രേഖകളിൽ അഖില അശോകൻ എന്ന പേരിന് പകരം ഹാദിയ എന്നാക്കി മാറ്റുമെന്ന് കോളജ് അധികൃതർ അറിയിച്ചു. കോളജിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള ശൂരമംഗലത്തെ ഹോസ്റ്റലിൽ നിലവിൽ 114 വിദ്യാർഥികളാണുള്ളത്.
ഹാദിയക്ക് പ്രത്യേക പരിഗണന നൽകുന്നില്ല. മതം മാറിയതിനു ശേഷം നാഗർകോവിലിൽ ഇേൻറൺഷിപ് പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ഹാദിയ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എം.ജി.ആർ മെഡിക്കൽ യൂനിവേഴ്സിറ്റിൽ അപേക്ഷ നൽകാനാണ് അന്ന് കോളജധികൃതർ നിർദേശിച്ചത്. എന്നാൽ, ഹാദിയ 27 ദിവസം മാത്രം ഹാജരായതിനുശേഷം ഇേൻറൺഷിപ് ഇടക്കുവെച്ച് നിർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.