കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് വിമാന സര്‍വിസ് പുനരാരംഭിക്കണമെന്ന് മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. അവിചാരിത കാരണങ്ങളാല്‍ ഇ.ടിക്ക് ചൊവ്വാഴ്ചത്തെ യോഗത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.
രണ്ടു വര്‍ഷം മുമ്പ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഹജ്ജ് വിമാന സര്‍വിസ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് മാറ്റാന്‍ കാരണം പറഞ്ഞിരുന്നത് ഇവിടത്തെ അറ്റകുറ്റപ്പണികളായിരുന്നു. റിപ്പയറിങ് പൂര്‍ത്തിയാവുന്ന മുറക്ക് വിമാന സര്‍വിസ് കരിപ്പൂരിലേക്കുതന്നെ തിരിച്ചുകൊണ്ടുവരുമെന്നും അന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍, റണ്‍വേ കാര്‍പറ്റിങ് ഉള്‍പ്പെടെയുള്ള എല്ലാ ജോലികളും പൂര്‍ത്തിയായെങ്കിലും അടുത്ത ഹജ്ജിലേക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് എംബാര്‍ക്കേഷന്‍ പോയന്‍റായി കാണിച്ചാണ്. ഇത് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടും മലബാറിലെ തീര്‍ഥാടകരോടും കാണിക്കുന്ന അനീതിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ചെയര്‍മാന്‍ സി.എച്ച്. മഹബൂബ് അലി കൈസറിന്െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തുടക്കത്തില്‍തന്നെ ഈ പ്രമേയമാണ് ചര്‍ച്ചക്കെടുത്തത്. ന്യായമായ ആവശ്യമാണ് പ്രമേയം മുന്നോട്ടുവെക്കുന്നതെന്ന് ഭൂരിപക്ഷം അംഗങ്ങളും ഒരേ സ്വരത്തില്‍ വിലയിരുത്തി. കേരളത്തില്‍നിന്നുള്ള ഏക അംഗമായ ഇ.ടി പങ്കെടുത്തില്ളെങ്കിലും യോഗം ഒറ്റക്കെട്ടായി ആവശ്യത്തെ പിന്തുണക്കുകയും പ്രമേയം അംഗീകരിക്കുകയുമായിരുന്നു.
കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായി പ്രഖ്യാപിക്കുന്നതുവരെ സമ്മര്‍ദം തുടരുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തില്‍നിന്ന് പോകുന്ന ഹജ്ജ് തീര്‍ഥാടകരില്‍ 85 ശതമാനവും കാലങ്ങളായി ഉത്തര മലബാറില്‍നിന്നുള്ളവരാണ്. സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ കോഴിക്കോടും തൊട്ടുപിന്നില്‍ മലപ്പുറവുമാണ്. രാജ്യത്ത് അഹ്മദാബാദ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ പുറപ്പെടുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
12,000ത്തിലേറെ പേര്‍ കരിപ്പൂരില്‍നിന്ന് ഹജ്ജിനായി മുന്‍ വര്‍ഷങ്ങളില്‍ പോയിട്ടുണ്ട്. വെറും 975 പേര്‍ പോകുന്ന മംഗലാപുരം എയര്‍പോര്‍ട്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റാണ്. റണ്‍വേ പോരായ്മയുടെ പേരുപറഞ്ഞ് ഒരിക്കലും കരിപ്പൂരിനെ അവഗണിക്കാനാവില്ല.
ഒൗറംഗാബാദ്, ഗയ, മംഗലാപുരം, വാരാണസി, ഗുവാഹതി, ഗോവ എന്നീ എയര്‍പോര്‍ട്ടുകളൊക്കെ കരിപ്പൂരിനേക്കാള്‍ ചെറുതായിട്ടും ഹജ്ജ് സര്‍വിസ് തുടരുന്നുണ്ട്. 2002 മുതല്‍ 2014 വരെ ജംബോ ജെറ്റ് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ഉപയോഗിച്ച് ഹജ്ജ് സര്‍വിസ് നടത്തിയതാണെന്നും ബഷീര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.