കരിപ്പൂർ: കേരളത്തിൽ രണ്ടിടത്തുനിന്ന് ഹജ്ജ് വിമാനസർവീസുകൾ അനുവദിക്കാനുള്ള നീക്കം കോഴിക്കോട് വിമാനത്താവളത്തിന് തിരിച്ചടിയാകുമെന്ന് ആശങ്ക. നാല് വർഷത്തിന് ശേഷം കരിപ്പൂരിൽനിന്ന് വീണ്ടും ഹജ്ജ് സർവിസ് ആരംഭിക്കാനിരിക്കെയാണ് 2019ലും നെടുമ്പാശ്ശേരിയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നത്. അടുത്തവർഷത്തെ ഹജ്ജ് സർവിസ് കരിപ്പൂരിൽനിന്നാകുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കിയിരുന്നു. നാല് വർഷമായി കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർ നെടുമ്പാശ്ശേരിയിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്.
കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് അടുത്തവർഷം മുതൽ സർവിസ് പുനരാരംഭിക്കുന്നത്. ഇതിനിടെയാണ് പുതിയ നീക്കം. തീർഥാടകർക്ക് എംബാർക്കേഷൻ പോയൻറ് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകുമെന്ന് കഴിഞ്ഞദിവസം ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അറിയിക്കുകയും ചെയ്തിരുന്നു. ഇടത്തരം-വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ച സാഹചര്യത്തിൽ കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസ് നടത്താൻ തടസ്സങ്ങളില്ല. ഇൗ സാഹചര്യത്തിൽ നെടുമ്പാശ്ശേരിയിലും ക്യാമ്പ് ആരംഭിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വിമർശനമുയർന്നിട്ടുണ്ട്.
രണ്ട് സ്ഥലത്തുനിന്നും ഒരേ നിരക്കല്ലെങ്കിൽ അവസരം ലഭിച്ചവർക്ക് ആശയക്കുഴപ്പമുണ്ടാകും. ഒരു സ്ഥലത്ത് നിരക്ക് കുറവാണെങ്കിൽ തീർഥാടകർ ആശ്രയിക്കുക കുറഞ്ഞ നിരക്കുള്ളവയെ ആയിരിക്കും. കരിപ്പൂരിൽ ഹജ്ജ് ക്യാമ്പിനായി ഹജ്ജ് ഹൗസടക്കം എല്ലാ സൗകര്യവുമുണ്ട്. എന്നാൽ, ഇതൊന്നുമില്ലാത്ത നെടുമ്പാശ്ശേരിയിൽ എംബാർക്കേഷൻ പോയൻറിന് അവസരം ഒരുക്കാനാണ് നീക്കം. കഴിഞ്ഞ നാല് വർഷവും താൽക്കാലിക ക്യാമ്പുകളായിരുന്നു നെടുമ്പാശ്ശേരിയിൽ. രണ്ടിടത്തും ഹജ്ജ് ക്യാമ്പ് നടത്തണമെങ്കിൽ അധികഫണ്ട് കണ്ടെത്തണം. മാത്രമല്ല, തീർഥാടകരിൽ 80-85 ശതമാനവും മലബാറിൽ നിന്നുള്ളവരാണ്. ഇൗ വർഷം 10,981 ആണ് കേരളത്തിന് ലഭിച്ച ക്വോട്ട.
അവസരം ലഭിച്ചവരിൽ 9062 പേരും പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നാണ്. തൊട്ടുമുമ്പത്തെ വർഷം 11,197 ആയിരുന്നു ക്വോട്ട. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നുള്ളവരായിരുന്നു ഇതിൽ 9,208 പേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.