കൊച്ചി: എറണാകുളത്തുനിന്നുള്ള ഹജ്ജ് സംഘം ഭക്ഷണവും വെള്ളവുമില്ലാതെ ഹൈദരാബാദിൽ വഴിയിൽ കുടുങ്ങിയതായി പരാതി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സംഘം ബസിൽ കേരളത്തിലേക്ക് തിരിച്ചു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ പോയ സംഘമാണ് ഹൈദരാബാദ് വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിയത്.
സ്ത്രീകളടക്കം 93 ഹാജിമാരും രണ്ട് വളൻറിയർമാരുമാണ് സംഘത്തിലുള്ളത്. നെടുമ്പാശ്ശേരി വിമാനം റദ്ദാക്കിയ സാഹചര്യത്തിൽ ഹൈദരാബാദിലെത്തിച്ച് ബസിൽ കേരളത്തിലെത്തിക്കാമെന്നായിരുന്നു ഗ്രൂപ് വാഗ്ദാനം. വ്യാഴാഴ്ച പുലർച്ച രണ്ടോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയെങ്കിലും ഉച്ചവരെ ബസ് എത്തിയില്ല. വഴിയരികിൽ ഇരുന്ന് ഭക്ഷണവും ഉറക്കവും നഷ്ടപ്പെട്ടതോടെ ആളുകൾ അവശരായതായി സംഘത്തിലുണ്ടായിരുന്ന കോതമംഗലം സ്വദേശികളായ അലിയാർ, ഖാദർ എന്നിവർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് ജിദ്ദയിൽനിന്ന് കുവൈത്തിലേക്ക് വിമാനം കയറിയത്. അവിടെനിന്ന് ബുധനാഴ്ച വൈകീട്ട് ഏഴിന് ഹൈദരാബാദിലേക്ക് തിരിച്ചു. വ്യാഴാഴ്ച പുലർച്ച രണ്ടിന് ഹൈദരാബാദിലെത്തിയാലുടൻ ബസിൽ പുറപ്പെടാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മണിക്കൂറുകളോളം കാത്തിരുന്ന് ഉച്ചയോടെയാണ് ബസ് എത്തിയത്. വണ്ടി എത്തിയ ശേഷവും പുറപ്പെടാൻ വൈകി. ഗ്രൂപ് അധികൃതരോട് അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി നൽകിയില്ലെന്നും പരാതിയുണ്ട്.
സംഘം വ്യാഴാഴ്ച രാത്രി 11.30ന് നെടുമ്പാശ്ശേരിയിലെത്തേണ്ടതായിരുന്നു. വിമാനം റദ്ദാക്കിയതോടെയാണ് ഇവരുടെ ചുമതലയുണ്ടായിരുന്ന അൽ ജസീറ എയർവേസ് ഹൈദരാബാദിലെത്തിച്ച് എറണാകുളത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചതെന്ന് ഗ്രൂപ് അധികൃതർ പറഞ്ഞു. ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്ക് വിമാനത്തിൽ എത്തിക്കാനായിരുന്നു ആദ്യ ശ്രമമെങ്കിലും അംഗങ്ങൾ കൂടുതലുള്ളത് തടസ്സമായി. ഇതോടെയാണ് ബസ് ഏർപ്പാടാക്കിയത്. ബസ് വൈകിയതോടെ ഹോട്ടലിൽ എത്തിച്ച് താൽക്കാലിക വിശ്രമസൗകര്യമൊരുക്കാമെന്ന് അറിയിച്ചെങ്കിലും ഹാജിമാർ സന്നദ്ധരായില്ലെന്നും ഗ്രൂപ് പ്രതിനിധി സഹൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.