നെടുമ്പാശ്ശേരി: ഹജ്ജ് നിർവഹിച്ച് മടങ്ങിയെത്തിയവർ പ്രളയബാധിതരെ സഹായിക്കാൻ രംഗത്തെത്തി. 2,88,115 രൂപയാണ് ആദ്യ ദിനം നെടുമ്പാശ്ശേരിയിലെത്തിയ ഹാജിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മക്കയിൽ 290, 340, 274, 284, 650 നമ്പർ കെട്ടിടങ്ങളിൽ താമസിച്ചിരുന്ന ഹാജിമാർ നൽകിയ തുകയാണിത്. മറ്റ് കെട്ടിടങ്ങളിൽ താമസിച്ചിരുന്ന ഹാജിമാരും ഇത്തരത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള തുക സമാഹരിച്ചിട്ടുണ്ട്.
ഇവർ മടങ്ങിയെത്തുമ്പോൾ ഈ തുക കൈമാറുമെന്ന് ഹജ്ജ് വളൻറിയറും സംസ്ഥാന കോഒാഡിനേറ്ററുമായ എൻ.പി. ഷാജഹാൻ അറിയിച്ചു. ഹാജിമാർ 40 ദിവസത്തോളം മക്കയിലും മദീനയിലുമായി കഴിയുന്ന അവസരത്തിൽ ആഹാരത്തിനും മറ്റുമായി നൽകിയിരുന്ന തുകയിൽനിന്ന് മിച്ചം െവച്ചാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കണ്ടെത്തിയത്. ഹാജിമാരെ സഹായിക്കുന്നതിനായി യാത്രതിരിച്ചിരുന്ന 58 വളൻറിയർമാർക്ക് നിത്യ െചലവിനായി നൽകിയിരുന്ന തുകയിൽനിന്ന് സമാഹരിച്ച 5800 റിയാലും ഇതിൽ ഉൾപ്പെടും.
ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന് സ്വരൂപിച്ച തുക സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ ഏൽപിച്ചു. പ്രളയദുരന്തം സംബന്ധിച്ച വാർത്തകൾ ഹജ്ജ് വേളയിൽ തങ്ങളെ വളരെയധികം വേദനിപ്പിച്ചതായി മടങ്ങിയെത്തിയവർ പറഞ്ഞു. അതുകൊണ്ടുതന്നെ കൂടുതൽ സമയവും കേരളത്തിനുവേണ്ടിയുള്ള പ്രാർഥനകളിലായിരുന്നു തങ്ങളെന്നും ഇവർ പറഞ്ഞു.
കേരളത്തിെൻറ അതിജീവനത്തിന് ആന്ധ്രയുടെ 35 കോടി
തിരുവനന്തപുരം: കേരളത്തിന് പ്രളയ സഹായമായി ആന്ധ്ര സർക്കാർ 35 കോടി നൽകി. ആന്ധ്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ചിന്നരാജപ്പ തിരുവനന്തപുരത്തെത്തി ചെക്ക് മന്ത്രി ഇ.പി. ജയരാജന് കൈമാറി. ഭക്ഷ്യധാന്യവും മരുന്നുമുൾപ്പെടെ 51.018 കോടിയുടെ സഹായമാണ് ആന്ധ്ര കേരളത്തിന് നൽകിയത്.
2014 മെട്രിക് ടൺ അരിയും അവശ്യസാധനങ്ങളും കേരളത്തിന് നൽകിയതായി മന്ത്രി ചിന്നരാജപ്പ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മികച്ച ദുരന്ത നിവാരണ സംവിധാനങ്ങളുള്ള ആന്ധ്ര കേരളത്തിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും വളരെ പെട്ടെന്ന് വീട് നിർമിക്കാനാവുന്ന സാങ്കേതികവിദ്യ കൈമാറാനും തയാറാണ്. ഇതു സംബന്ധിച്ച് കേരളത്തിലെ മന്ത്രിമാരുമായി ചർച്ച നടത്തിയിട്ടുണ്ട്. ദുരന്തത്തിെൻറ ആദ്യദിനങ്ങളിൽ തന്നെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു.
കേരളത്തെ സഹായിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന നായിഡുവിെൻറ അഭ്യർഥനയെ തുടർന്ന് ജനങ്ങൾ കൈയയച്ചു സഹായിച്ചു. ആന്ധ്രയിലെ 13 ജില്ലകളിൽ ദുരിതാശ്വാസ സ്വീകരണ കേന്ദ്രങ്ങൾ തുടങ്ങിയിരുന്നു. മൂന്നുദിവസം കൊണ്ട് 115 ട്രക്കുകളിലാണ് ദുരിതാശ്വാസ വസ്തുക്കൾ കേരളത്തിലേക്കയച്ചത്. റെയിൽ മാർഗവും എത്തിച്ചു. സർക്കാർ ആറുകോടി നൽകി മില്ലുകളിൽനിന്ന് ജയ, മട്ട അരി വാങ്ങി അയക്കുകയായിരുന്നു.
ആന്ധ്രയിലെ വൈദ്യുതി, ഫയർഫോഴ്സ്, ദുരന്ത നിവാരണ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കി. സർക്കാർ നേരത്തെ പത്ത് കോടി പ്രഖ്യാപിച്ചിരുന്നു. അവിടത്തെ നോൺ െഗസറ്റഡ് ഉദ്യോഗസ്ഥർ ഒരുദിവസത്തെ ശമ്പളം നൽകി. ഇത് 20 കോടിയുണ്ട്. ആന്ധ്ര റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ മൂന്നുകോടി നൽകി. ആന്ധ്ര മുഖ്യമന്ത്രിയുടെ ഓഫിസിെൻറ ഭാഗമായി പ്രവർത്തിക്കുന്ന ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മലയാളിയുമായ എ. ബാബുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.