കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവരിൽ രാജ്യത്താകെ യാത്ര റദ്ദാക്കിയത് 6,420 പേർ. കേരളത്തിൽനിന്ന് 369 പേർ യാത്ര റദ്ദാക്കി. ജൂൺ 30 വരെയുള്ള കണക്കാണിത്. ജൂലൈ പത്തുവരെയാണ് തെരഞ്ഞെടുക്കപ്പെട്ടവർക്ക് പണം അടക്കാനുള്ള സമയം. ജൂൺ അഞ്ചുവരെ രാജ്യത്ത് 5,402 പേരാണ് യാത്ര റദ്ദാക്കിയത്. കേരളത്തിൽ ഇൗ സമയം 264 പേർ വിവിധ കാരണങ്ങളെ തുടർന്ന് യാത്ര ഉപേക്ഷിച്ചു. പുതുതായി രാജ്യത്തൊട്ടാകെ 1,018 പേർ യാത്ര റദ്ദാക്കിയപ്പോൾ സംസ്ഥാനത്ത് 105 പേർ ഉപേക്ഷിച്ചു.
ഏറ്റവും കൂടുതൽ പേർ യാത്ര റദ്ദാക്കിയത് ഉത്തർപ്രദേശിലാണ് 1,518 പേർ. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിൽ 755 പേരും മൂന്നാമതുള്ള മഹാരാഷ്ട്രയിൽ 714 പേരും യാത്ര റദ്ദാക്കി. കർണാടകക്കും പശ്ചിമ ബംഗാളിനും പിറകിൽ കേരളം ആറാം സ്ഥാനത്താണ്.
അതേസമയം, കേരളത്തിൽ 369 പേർ യാത്ര റദ്ദാക്കിയെങ്കിലും കാത്തിരിപ്പ് പട്ടികയിൽനിന്ന് 448 പേർക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആദ്യപട്ടികയിൽ 320 പേർക്കും വെള്ളിയാഴ്ച പുറത്തുവന്നതിൽ 128 പേർക്കുമാണ് പുതുതായി അവസരം ലഭിച്ചത്. അവസാനം ഇറങ്ങിയതിൽ ഉത്തർപ്രദേശിൽനിന്നാണ് കൂടുതൽ പേർക്ക് അവസരം ലഭിച്ചത് 276 പേർ.
ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 12 മുതൽ
കൊണ്ടോട്ടി: ഇൗ വർഷത്തെ ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 12 മുതൽ നെടുമ്പാശ്ശേരിയിൽ തുടങ്ങും. വിമാനത്താവളത്തിലെ മെയിൻറനൻസ് ഹാങറിലാണ് ക്യാമ്പ് പ്രവർത്തിക്കുക. ആഗസ്റ്റ് 13 മുതൽ 26 വരെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർഥാടകരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പിെൻറ ഉദ്ഘാടനം അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമായിട്ടില്ല.
സൗദി എയർലൈൻസിനാണ് ഹജ്ജ് യാത്രയുടെ കരാർ. 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾ ഉപയോഗിച്ചാണ് യാത്ര. ഒരു ദിവസം പരമാവധി മൂന്ന് വിമാനങ്ങൾ ഉണ്ടാകും. യാത്രയുടെ വിശദാംശങ്ങളടങ്ങിയ ഹജ്ജ് മാനിഫെസ്റ്റ് ജൂലൈ അവസാനത്തോടെ പ്രസിദ്ധീകരിക്കും. ഒാരോ വിമാനത്തിലും പുറപ്പെടേണ്ട യാത്രക്കാരുടെ വിശദാംശങ്ങൾ ഹജ്ജ് മാനിഫെസ്റ്റിലാണ് ഉണ്ടാവുക.
ജൂലൈ 20ന് മുമ്പ് തീർഥാടകർക്ക് പ്രതിരോധ കുത്തിവെപ്പ് ജില്ല അടിസ്ഥാനത്തിൽ നൽകും. 20നും 30നും ഇടയിൽ അവസാനഘട്ട പരിശീലന ക്ലാസ് മുഴുവൻ തീർഥാടകർക്കും നൽകും. ഇത്തവണ കാത്തിരിപ്പ് പട്ടികയിൽനിന്നുൾപ്പെടെ 12,000ത്തോളം പേർ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കും നെടുമ്പാശ്ശേരി വഴിയാണ് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.