നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് 900 ഹാജിമാർ തിങ്കളാഴ്ച യാത്ര തിരിച്ചു. സൗദി എയർലൈൻസ് വിമാനങ്ങളിൽ രാവിലെ 5.15 നും 9.45നും ഉച്ചക്ക് 1.45നുമായി 486 സ്ത്രീകളും 414 പുരുഷന്മാരുമാണ് ഹജ്ജിന് പുറപ്പെട്ടത്.
മൂന്നാം വിമാനത്തിലെ മുഴുവൻ തീർഥാടകരും മലപ്പുറം ജില്ലക്കാരായിരുന്നു. ആകെ 300 പേരിൽ 158 പേർ വനിതകളുമായിരുന്നു. മൂന്നു വിമാനത്തിലായി മൊത്തം 362 പേരായിരുന്നു മലപ്പുറം ജില്ലക്കാർ. കോഴിക്കോട്ടുനിന്ന് 250 പേരാണുണ്ടായിരുന്നത്. ആദ്യദിനം കോഴിക്കോട്ടുനിന്നുള്ള തീർഥാടകരായിരുന്നു കൂടുതൽ. തിങ്കളാഴ്ച എറണാകുളത്തുനിന്ന് 237 പേർ യാത്രാസംഘത്തിൽ ഇടംപിടിച്ചു. കാസർകോട് 73, ആലപ്പുഴ 29, കണ്ണൂർ 20, കൊല്ലം 10, വയനാട് ഒമ്പത്, കോട്ടയം എട്ട്, പാലക്കാട് രണ്ട് എന്നിങ്ങനെയായിരുന്നു മറ്റു ജില്ലകളിൽനിന്നുള്ള തീർഥാടകർ.
ഹജ്ജ് ക്യാമ്പിൽ പുലർച്ച നടന്ന തീർഥാടകരുടെ സംഗമത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷതവഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗം എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, സെൽ ഓഫിസർ മുഹമ്മദ് ബഷീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ചൊവ്വാഴ്ചയും മൂന്ന് വിമാനത്തിലായി 900 ഹാജിമാർ യാത്ര തിരിക്കും. 473 വനിതകളും 427 പുരുഷന്മാരും. രാവിലെ 6.45, 10.45, വൈകീട്ട് 5.15 എന്നിങ്ങനെയാണ് വിമാന സമയം.
ഇന്ന് 600 പേർ ഗ്രീൻ കാറ്റഗറിയിൽ നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരിയിൽനിന്ന് ചൊവ്വാഴ്ച യാത്രയാകുന്ന തീർഥാടകരിൽ 600 പേർ ഗ്രീൻ കാറ്റഗറിയിൽ. ഗ്രീൻ കാറ്റഗറിയിൽ ഈ വർഷം അനുമതി ലഭിച്ച 1100 പേരിൽ 600 പേരാണ് ചൊവ്വാഴ്ച യാത്രയാകുന്നത്. ഗ്രീൻ കാറ്റഗറിക്കാർക്ക് മസ്ജിദുൽ ഹറാമിനടുത്താണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങളിലെ യാത്രക്കാരാണ് ഗ്രീൻ കാറ്റഗറിയിലുള്ളത്. ആദ്യവിമാനത്തിലെ 300 പേർ അസീസിയ കാറ്റഗറിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.