കൊണ്ടോട്ടി: സംസ്ഥാന ചരിത്രത്തിലാദ്യമായി മൂന്ന് പുറപ്പെടല്‍ കേന്ദ്രത്തില്‍നിന്നായി ഹജ്ജ് അനുഷ്ഠിക്കാന്‍ മക്കയിലെത്തിയത് 9,840 പേര്‍. പ്രധാന പുറപ്പെടല്‍ കേന്ദ്രമായ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ യാത്രയായത്. 6,234 പേര്‍. കൊച്ചിയില്‍നിന്ന് 1,866 പേരും കണ്ണൂരില്‍നിന്ന് 1,740 പേരും യാത്രയായി.
വ്യാഴാഴ്ച ഹജ്ജ് പുറപ്പെടലിന് സമാപനമാകും. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി കരിപ്പൂരില്‍നിന്ന് മൂന്ന് വീതവും കണ്ണൂരില്‍നിന്ന് ഓരോന്നും കൊച്ചിയില്‍നിന്ന് ബുധനാഴ്ച മാത്രം ഒരു വിമാനവുമാണ് പുറപ്പെടാനുള്ളത്. ഇവയില്‍ 1,573 തീര്‍ഥാടകര്‍കൂടി യാത്രയാകും. ഏതാനും തീര്‍ഥാടകര്‍ മറ്റ് യാത്രവിമാനങ്ങളിലും പുറപ്പെടുന്നുണ്ട്. രാജ്യത്ത് ഹജ്ജ് അപേക്ഷകരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ പുറപ്പെട്ട കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാറും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും നിരന്തരശ്രമങ്ങളാണ് നടത്തിയിരുന്നത്. കേന്ദ്രം അനുവദിച്ചതോടെ നിരവധി തീര്‍ഥാടകര്‍ക്കാണ് ഗുണഫലം ലഭ്യമായത്.
മൂന്ന് പുറപ്പെടല്‍ കേന്ദ്രത്തിലും ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനും തീര്‍ഥാടകരെ പ്രയാസരഹിതമായി യാത്രയാക്കാനുമുള്ള ഒരുക്കം മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ആദ്യമായി എംബാര്‍ക്കേഷന്‍ പോയന്റ് പദവി ലഭിച്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ പ്രത്യേക നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു.
സംസ്ഥാനത്തുനിന്ന് ഹജ്ജിന് പുറപ്പെടുന്നവരില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് 2019ല്‍ കരിപ്പൂരില്‍ വനിതതീര്‍ഥാടകര്‍ക്ക് മാത്രമായി കെട്ടിടം പണിയാന്‍ തീരുമാനിക്കുകയും 2019ലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടുകയും ചെയ്തു.
കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് യാത്രക്ക് മുമ്പ് വനിത ബ്ലോക്ക് പ്രവർത്തനസജ്ജമായത് തീർഥാടകര്‍ക്ക് ഏറെ ഉപകാരപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.