കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവർ യാത്രക്കായി ബാഗേജുകൾ വാങ്ങേണ്ടതില്ല. പകരം തീർഥാടകർക്കാവശ്യമായ ബാഗേജുകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി വിതരണം ചെയ്യും.
മുഴുവൻ തീർഥാടകർക്കും ഏകീകൃത ബാഗേജ് സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. അവസരം ലഭിച്ചവർ ബാഗേജ് വാങ്ങേണ്ടതില്ലെന്ന് നിർദേശം നൽകാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കത്തയച്ചു. നിശ്ചിത വലുപ്പത്തിലുള്ള രണ്ട് ബാഗേജുകളും ഒരു ഹാൻഡ് ബാഗുമാണ് തീർഥാടകർക്ക് അനുവദിക്കുക.
വ്യത്യസ്ത വലുപ്പത്തിലുള്ള ബാഗേജുകളാകുമ്പോൾ ജിദ്ദ, മദീന വിമാനത്താവളങ്ങളിൽനിന്ന് ക്ലിയറൻസ് ലഭിക്കാൻ വൈകുകയും വിമാന സർവിസുകളുടെ സമയക്രമത്തെ അടക്കം ബാധിക്കുന്നതായുമാണ് ഹജ്ജ് കമ്മിറ്റി വിലയിരുത്തൽ. ഈ പ്രശ്നം പരിഹരിക്കാനാണ് തീർഥാടകർക്കാവശ്യമായ ബാഗേജുകൾ ഹജ്ജ് കമ്മിറ്റി തന്നെ വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതിന്‍റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. 2015ലും സമാനമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ബാഗേജുകൾ വിതരണം ചെയ്തിരുന്നു.
ഇതിന് പണവും ഈടാക്കിയിരുന്നു. വിവിധ കോണുകളിൽനിന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അടുത്ത വർഷം മുതൽ ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.