കൊണ്ടോട്ടി: ഒറ്റ ദിവസംകൊണ്ട് കരിപ്പൂർ ഹജ്ജ് ഹൗസിൽ ഒരുക്കിയത് 320 കിടക്കകളുള്ള കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രം. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുൻകൂട്ടി കണ്ടാണ് വിപുല സൗകര്യങ്ങൾ ഒരുക്കിയത്. ട്രോമാകെയർ വളൻറിയർമാരാണ് ഒരു ദിവസംകൊണ്ട് ആശുപത്രി സജ്ജമാക്കിയത്. 320 പേരെ ഇവിടെ കിടത്തിച്ചികിത്സിക്കാൻ കഴിയും.
മഞ്ചേരി കോവിഡ് ആശുപത്രിയുടെ നിയന്ത്രണത്തിലായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. ദൈനംദിന ഭരണകാര്യങ്ങൾ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നിർവഹിക്കും. കോവിഡ് പോസിറ്റിവ് ആയ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെയാണ് ഈ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക.
ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായും തിങ്കളാഴ്ച ഇൻഫെക്ഷൻ കൺട്രോൾ ടീം പരിശോധന നടത്തി ആവശ്യമായ കാര്യങ്ങൾ ഒരുക്കി മറ്റന്നാൾ മുതൽ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന അറിയിച്ചു.
ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, ആർദ്രം നോഡൽ ഓഫിസർ ഡോ. ഫിറോസ് ഖാൻ, കോവിഡ് നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബു, കൊണ്ടോട്ടി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. പ്രദീപ് കുമാർ, ഡോ. ബാബു എന്നിവർ സ്ഥലം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.