കോഴിക്കോട്: കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) ജനറൽ സെക്രട്ടറിയും സമസ്ത മലപ്പുറം മുശാവറ അംഗവുമായ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിക്കെതിരായ നടപടി പ്രതിസന്ധിയിലാക്കുന്നത് മുസ്ലിംലീഗിനെ. ലീഗ് അധ്യക്ഷൻ കൂടിയായ പാണക്കാട് സാദിഖലി തങ്ങളാണ് സി.ഐ.സിയുടെയും പ്രസിഡന്റ്. സമസ്തയുടെ കീഴ്ഘടകമായ എസ്.വൈ.എസിന്റെ പ്രസിഡന്റ് എന്ന നിലയിലും ഹക്കീം ഫൈസിയോട് സാദിഖലി തങ്ങൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് സമസ്ത നിരീക്ഷിക്കുന്നത്.
സി.ഐ.സി ഭാരവാഹിത്വത്തിൽനിന്ന് ഹക്കീം ഫൈസിയെ നീക്കാൻ സമസ്ത നേതൃത്വം സാദിഖലി തങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെടുമെന്നാണ് വിവരം. സമസ്തയെ പിണക്കി ഇനിയും ഹക്കീം ഫൈസിയെ കൂടെനിർത്താൻ സാദിഖലി തങ്ങൾക്കാവില്ല. മുസ്ലിംലീഗിലെ ചില പ്രമുഖ നേതാക്കളും ഇക്കാര്യത്തിൽ സമസ്തക്കൊപ്പമാണ്. സമസ്തയുടെ നിർദേശം ലംഘിച്ച് സാദിഖലി തങ്ങൾ കോഴിക്കോട്ട് നടന്ന വാഫി കലോത്സവത്തിലും സനദ്ദാന സമ്മേളനത്തിലും പങ്കെടുത്തതിൽ സമസ്ത നേതാക്കൾക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. സി.ഐ.സിയെയും ഹക്കീം ഫൈസിയെയും കൈവിടില്ലെന്ന സാദിഖലി തങ്ങളുടെ സന്ദേശത്തിന് കനത്ത തിരിച്ചടിയാണ് ഹക്കീം ഫൈസിക്കെതിരെ നടപടിയെടുത്ത സമസ്ത മുശാവറ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. ഹക്കീം ഫൈസി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നാൽ സി.ഐ.സിയുമായുള്ള എല്ലാ ബന്ധവും സമസ്ത വിച്ഛേദിക്കും.
ഹക്കീം ഫൈസിക്കെതിരായ പരാതി അന്വേഷിക്കാൻ എം.ടി. അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തിൽ സമസ്ത ഘടകങ്ങളുടെ കോഓഡിനേഷൻ കമ്മിറ്റിയെ മുശാവറ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് ബുധനാഴ്ച കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്ത് നടന്ന മുശാവറ യോഗം രണ്ടുമണിക്കൂറോളമാണ് ചർച്ച ചെയ്തത്. അദ്ദേഹത്തെ പുറത്താക്കണമെന്ന തീരുമാനം ഐകകണ്ഠ്യേനയായിരുന്നു.
ഹക്കീം ഫൈസിയുടെ പല നിലപാടുകളും പുത്തൻ ആശയക്കാരുടേതിന് സമാനമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നബിദിനത്തിലുള്ള ഭക്ഷണ വിതരണം ധൂർത്താണെന്നും ഇതിന് ചെലവഴിക്കുന്ന പണം മറ്റു കാര്യങ്ങൾക്ക് തിരിച്ചുവിടണമെന്നുമാണ് ഹക്കീം ഫൈസിയുടെ നിലപാട്. നബിദിനത്തെയും അന്നദാനത്തെയും ചെറുതാക്കി കാണിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമസ്ത നയനിലപാടുകൾക്ക് വിരുദ്ധമായാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. മാത്രമല്ല, അദ്ദേഹത്തിന്റെ മകൾ പുത്തൻ പ്രസ്ഥാനക്കാരുടെ സ്ഥാപനത്തിലാണ് പഠിക്കുന്നത്.
ആത്മീയ സദസ്സുകൾ നടത്തി പള്ളികളിൽ ഒതുങ്ങിക്കൂടരുതെന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളും ലേഖനങ്ങളും മതരാഷ്ട്ര വാദക്കാരോട് ആഭിമുഖ്യം പുലർത്തുന്നതാണ്. വിദേശ വനിതകൾ ഉൾപ്പെടെ പങ്കെടുത്ത മർകസ് നോളജ് സിറ്റിയിലെ പരിപാടിയിൽ പങ്കെടുത്തതുൾപ്പെടെ നിരവധി ആക്ഷേപങ്ങളാണ് അന്വേഷണ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. സി.ഐ.സിയുമായുള്ള പ്രശ്നത്തിൽ, അന്തരിച്ച പാണക്കാട് ഹൈദരലി തങ്ങളുടെ മൂന്ന് കത്തുകൾ ഹക്കീം ഫൈസി അവഗണിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.