തൊടുപുഴ: ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് വാങ്ങിയ കമ്പ്യൂട്ടർ ടാബ്ലറ്റുകളിൽ പകുതിയിലധികവും പ്രവർത്തനരഹിതം. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കെൽട്രോൺ വഴി സ്വകാര്യ കമ്പനിയിൽനിന്ന് 15,79,91,158 രൂപക്ക് വാങ്ങിയ 9,500 കമ്പ്യൂട്ടറുകളിൽ 4,455 എണ്ണം മാത്രമാണ് പ്രവർത്തനക്ഷമം. ചിലത് നഷ്ടപ്പെടുകയും ചെയ്തു.
ആശുപത്രികളുടെ പ്രവർത്തനം കടലാസ് രഹിതമാക്കുന്നതിനൊപ്പം ചികിത്സ സംവിധാനത്തിൽ വേഗവും കൃത്യതയും കൈവരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊതുജനാരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിക്കാനാണ് 2016-17 കാലയളവിൽ ടാബ്ലറ്റുകൾ വാങ്ങിയത്. ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടാണ് ഇതിനായി ചെലവഴിച്ചത്.
ഡി.എം.ഒമാർ വഴി ഓരോ ജില്ലയിലെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർക്കും വിതരണം ചെയ്ത 9,387 ടാബുകളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ടിലാണ് പകുതിയിലധികവും പ്രവർത്തനരഹിതമായതായി പറയുന്നത്. 4,404 ടാബുകളുടെ ഹാർഡ് വെയർ തകരാറിലായതായും 23 എണ്ണം നഷ്ടപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
372 ടാബുകൾക്ക് മറ്റ് തരത്തിലുള്ള കേടുപാട് സംഭവിച്ചു. 133 എണ്ണത്തിന്റെ പ്രവർത്തനക്ഷമത ഇനിയും വിലയിരുത്തിയിട്ടില്ല. നിശ്ചിത വാറന്റി കാലാവധി പൂർത്തിയായതിനാലും പാർട്സുകളുടെ ദൗർലഭ്യവും മൂലം കേടായവ നന്നാക്കിയെടുക്കാനുള്ള സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ടാബുകൾക്ക് മൂന്ന് വർഷത്തെ വാറന്റിയാണ് ടെൻഡറിൽ വ്യവസ്ഥ ചെയ്തിരുന്നത്.
നിലവിൽ ആറ് വർഷം കഴിഞ്ഞതിനാൽ കേടായ ടാബ്ലറ്റുകൾ ഇനി പ്രവർത്തനക്ഷമമാക്കിയെടുക്കുക പ്രയോഗികമല്ല. പുതിയവ വാങ്ങുന്നത് സർക്കാറിന് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായ പൊതുജനാരോഗ്യ വിവരശേഖരണം കാര്യക്ഷമമാക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാനുള്ള നടപടികൾക്ക് ആരോഗ്യ വകുപ്പ് തുടക്കമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.