പിണറായി സാരി ധരിക്കും മുമ്പ് മുനീറും പുരുഷ അനുയായികളും പർദ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരമാകും -ഹരീഷ് പേരടി

സർക്കാർ സ്കൂളുകളിൽ നടപ്പാക്കാനൊരുങ്ങുന്ന ലിംഗ സമത്വ നീക്കങ്ങളെ പരിഹസിച്ച് രം​ഗത്തുവന്ന മുസ്‍ലിം ലീ​ഗ് നേതാവ് എം.കെ മുനീറിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പിണറായിയോട് സാരി ധരിക്കാനുള്ള ആശയം നല്ലതും പുരോഗമനപരവുമാണെന്നും പക്ഷെ അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരവും മാതൃകാപരവുമാകുമെന്നുമാണ് പരിഹാസം.

ലിംഗസമത്വത്തിനായി സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ എം.കെ മുനീർ രം​ഗത്തുവന്നിരുന്നു. ലിംഗ സമത്വത്തിന്റെ പേരിൽ സ്‌കൂളുകളിൽ മതനിഷേധം നടപ്പാക്കാൻ വേണ്ടിയാണ് സി.പി.എം ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി കോഴിക്കോട് നടന്ന ഒരു ചടങ്ങിൽ ആരോപിച്ചിരുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണരൂപം:

'പിണറായി സാരി ധരിച്ചാല്‍ എന്താണ് കുഴപ്പം?'; ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ വിചിത്ര വാദങ്ങളുമായി എം.കെ മുനീർ...പിണറായിയോട് സാരി ധരിക്കാനുള്ള ആശയം നല്ലതാണ്...പുരോഗമനപരമാണ്...പക്ഷെ അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരമാവും...മാതൃകാപരമാവും...


എം.കെ മുനീർ പ്രസംഗിച്ചത്:

''ഇനി ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ സ്ത്രീക്കും പുരുഷനും തുല്യതയുണ്ടാകണം. അതായത് ഇനി മുതൽ സ്‌കൂളുകളിൽ സ്ത്രീക്കും പുരുഷനും ഒറ്റ ബാത്ത്റൂമേ ഉണ്ടാകൂ. സ്ത്രീയുടെ സ്വകാര്യതയെ മറികടക്കുന്നതിന് വേണ്ടി ഇവർ മതമില്ലാത്ത ജീവൻ എന്ന് പറഞ്ഞ് മതനിഷേധത്തെ കടത്തിയ പോലെ ജെൻഡർ ന്യൂട്രാലിറ്റിയെന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയാറായിക്കഴിഞ്ഞിരിക്കുന്നു. പക്ഷെ, അവിടെ സ്ത്രീകളോട് അവർ നടത്തുന്ന വിവേചനം എന്താണെന്ന് അറിയാമോ?. ഇപ്പോൾ ബാലുശ്ശേരിയിൽ ന്യൂട്രാലിറ്റിയുടെ ഭാഗമായി പെൺകുട്ടികളോട് പാന്റും ഷർട്ടും ഇടാൻ പറഞ്ഞു. ലോകത്ത് ജെൻഡർ ന്യൂട്രാലിറ്റി വന്ന് കഴിഞ്ഞാൽ സ്ത്രീകളെ എടാ എന്നാണ് വിളിക്കുക. അപ്പോൾ ഞാൻ ചോദിക്കട്ടെ, എന്തുകൊണ്ട് അവിടെ ആണിന്റെ സ്ഥാനത്തിന് ഇവർ കൂടുതൽ വില കൊടുക്കുന്നു? അവിടെ ഒരു ആൺകോയ്മ വീണ്ടുമുണ്ട്. തിരിച്ച് പുരുഷനെ എടീ എന്ന് വിളിക്കാൻ പറയുന്നില്ല.

എല്ലാവരും ന്യൂട്രാലിറ്റിയിൽ എത്തിക്കഴിഞ്ഞാൽ എടാ എന്ന വിളിയിലേക്ക് പോകും. അത് കുഴപ്പമില്ല, പക്ഷെ വേറൊരു കാര്യം. പെൺകുട്ടികൾ പാന്റും ഷർട്ടും ഇടണം, ആൺകുട്ടികളെപ്പോലെ. ഞാൻ ചോദിക്കട്ടെ, എന്തുകൊണ്ട് തിരിച്ചായിക്കൂടാ. ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരൂലേ? പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം? അപ്പോൾ ജെൻഡർ ന്യൂട്രാലിറ്റി എന്ന് പറഞ്ഞുകൊണ്ട് പുതിയ ജെൻഡർ ഇനീക്വാലിറ്റി ഉണ്ടാക്കുകയാണ്. സ്ത്രീകളെ അധഃപതനത്തിലേക്ക് കൊണ്ടുപോകുകയും പുരുഷ കോയ്മ തന്നെയാണ് ഞങ്ങളുടെ മുദ്രാവാക്യം എന്ന് വിളിക്കുകയും ചെയ്യുന്ന മാർക്‌സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്. അതുകൊണ്ട് പ്രിയപ്പെട്ടവരെ, ഇതിൽ മതവും മാർക്‌സിസവും തമ്മിലുള്ള ബന്ധം എന്തെന്ന് തിരിച്ചറിയുക''.


Tags:    
News Summary - Hareesh Peradi's sarcasm against MK Muneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.