കോഴിക്കോട്: മുസ്ലിം ലീഗിന് 'തലവേദന'യായ 'ഹരിത'യെ കാമ്പസുകളിൽ മാത്രമായി ഒതുക്കാൻ ആലോചന. ഹരിതയുടെ സംസ്ഥാന, ജില്ല കമ്മിറ്റികൾ പിരിച്ചുവിട്ട് എം.എസ്.എഫിൽ ലയിപ്പിക്കാനും ഹരിതയുടെ പ്രവർത്തനം കാമ്പസുകളിൽ പരിമിതപ്പെടുത്താനുമാണ് നേതൃതലത്തിലെ ആലോചന. ഹരിത ഭാരവാഹികളെ അപകീർത്തിപ്പെടുത്തിയതിന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ്, ജന. സെക്രട്ടറി വി.എ. വഹാബ് എന്നിവർക്കെതിരെ വനിത കമീഷനിൽ പരാതി നൽകിയതിനെ തുടർന്ന് ഹരിതയുടെ പ്രവർത്തനം ലീഗ് നേതൃത്വം മരവിപ്പിച്ചിരിക്കുകയാണ്. കാമ്പസിനു പുറത്തെ ഹരിതയുടെ ഇടപെടലുകൾ പാർട്ടിക്ക് അലോസരങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് സംസ്ഥാന, ജില്ല കമ്മിറ്റികൾ ഒഴിവാക്കി ഘടനമാറ്റത്തിന് ചർച്ച നടക്കുന്നത്. അതേസമയം, ഈ നീക്കത്തോട് എം.എസ്.എഫ് ദേശീയ കമ്മിറ്റി ശക്തമായി വിയോജിക്കുകയാണ്. സംസ്ഥാന കമ്മിറ്റിയിലെ നവാസ് വിഭാഗം ഒഴിച്ചുള്ളവരും ഹരിതയെ കാമ്പസിൽ ഒതുക്കുന്നതിനോട് യോജിക്കുന്നില്ല.
2011 ഫെബ്രുവരിയിൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം പങ്കെടുത്ത എം.എസ്.എഫ് സംസ്ഥാന കാമ്പസ് കോൺഫറൻസിലാണ് ഹരിതയുടെ പ്രഖ്യാപനമുണ്ടായത്. കാമ്പസുകളിൽ എം.എസ്.എഫിന് സ്വാധീനമുറപ്പിക്കാൻ മെഡിക്കൽ വിദ്യാർഥികൾക്കായി 'മെഡിഫെഡ്', എൻജിനീയറിങ് വിദ്യാർഥികൾക്കിടയിൽ 'ടെക്ഫെഡ്' എന്നീ സംഘടനകളും പ്രഖ്യാപിച്ചു. ഇക്കാര്യങ്ങൾ എം.എസ്.എഫ് നേതൃത്വം മുസ്ലിം ലീഗിന് റിപ്പോർട്ട് ചെയ്തു. തുടർന്ന് സംസ്ഥാന, ജില്ല കമ്മിറ്റികളും കാമ്പസുകളിൽ യൂനിറ്റ് കമ്മിറ്റികളുമുണ്ടാക്കി. ഷഫീന നാദാപുരം പ്രസിഡൻറും ഫാത്തിമ തഹ്ലിയ സെക്രട്ടറിയുമായാണ് ആദ്യ സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചത്. എന്നാൽ, ഒരുഘട്ടത്തിലും ഹരിതയുടെ പ്രവർത്തനങ്ങളെ ലീഗ് നേതൃത്വം എതിർത്തിരുന്നില്ല. 2018 ജനുവരിയിൽ നിലവിൽവന്ന ഇപ്പോഴത്തെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞവർഷം അവസാനിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നീണ്ടുപോയി. കാലാവധി കഴിഞ്ഞ കമ്മിറ്റിയെ ഇനി നിലനിർത്തേണ്ടതില്ലെന്നാണ് ലീഗ് തീരുമാനം. ഇതോടൊപ്പം ജില്ല കമ്മിറ്റികളുടെ പ്രവർത്തനവും അവസാനിപ്പിക്കും.
അതേസമയം ജില്ല, സംസ്ഥാന കമ്മിറ്റികളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത് ഹരിതയുടെ ചിറകരിയുന്നതിന് തുല്യമാണെന്നാണ് എം.എസ്.എഫിലെ ഹരിത അനുകൂലികളുടെ പക്ഷം. നിലവിലെ ഭാരവാഹികളെ മാറ്റി ഹരിത മുന്നോട്ടുപോകണമെന്ന് മുസ്ലിം ലീഗിലെ വലിയ വിഭാഗവും താൽപര്യപ്പെടുന്നു.കഴിഞ്ഞദിവസം എം.എസ്. എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹ്ലിയ നടത്തിയ വാർത്തസമ്മേളനത്തെ ലീഗ് നേതാക്കളടക്കം അനുകൂലമായാണ് വിലിയിരുത്തിയത്. തഹ്ലിയക്കെതിരെ നടപടി എടുക്കുമെന്ന പ്രചാരണം നേതൃത്വം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.