മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതിലും മുസ്ലിം ലീഗിൽ നേതൃമാറ്റം നടക്കാത്തതിലും യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പിൽ രൂക്ഷ വിമർശനം. തൃശൂര്‍ അതിരപ്പിള്ളിയില്‍ നടന്ന ക്യാമ്പിലാണ് നേതൃത്വത്തിനെതിരെ വിമർശനമുയർന്നത്. യൂത്ത് ലീഗിൽ ആറു വർഷമായി മെംബർഷിപ് കാമ്പയിൻ നടക്കുന്നില്ലെന്നും പുതിയ നേതാക്കൾക്ക് ഉയർന്നുവരാൻ അവസരമുണ്ടാകുന്നില്ലെന്നും ജില്ല പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും തുറന്നടിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് യൂത്ത് ലീഗിൽ മെംബർഷിപ് പ്രവർത്തനം നടത്തി പുതിയ നേതൃത്വം ചുമതലയേൽക്കണമെന്നും ആവശ്യമുയർന്നു. നിയമസഭ സ്ഥാനാർഥികളെ പരിഗണിക്കുമ്പോൾ യുവാക്കൾക്ക് അവസരം ഇല്ലാതാക്കരുത്. 2022ൽ പുതിയ കമ്മിറ്റി വരേണ്ടതായിരുന്നു. 2024 ആയിട്ടും മെംബർഷിപ് കാമ്പയിൻ ആരംഭിച്ചിട്ടില്ല. എം.എസ്.എഫിലും ഇതേ പ്രശ്നമുണ്ട്.
ലീഗിൽ പുതിയ നേതൃത്വത്തിന് ഉയർന്നുവരാൻ അവസരമില്ലെന്നതായിരുന്നു മറ്റൊരു പ്രധാന വിമർശനം. ഏകദേശം 40 വർഷമായി ഒരേ നേതൃത്വമാണ് പാർട്ടിയെ നയിക്കുന്നത്. 30ാം വയസ്സിൽ എം.എൽ.എമാരായവർ ഇപ്പോഴും തുടരുന്നു. മൂന്ന് തവണ എം.എൽ.എയായവർക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകരുത്. ലോക്സഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സീറ്റ് നൽകാത്തതിലും രാജ്യസഭയിലേക്ക് യൂത്ത് ലീഗ് നിർദേശിച്ച പേരുകൾ അവഗണിക്കപ്പെട്ടതിലും ശക്തമായ വിമർശനമുയർന്നു.
നേതാക്കളുമായി നേരിട്ടേറ്റുമുട്ടി സംഘടനയിൽനിന്ന് പുറത്താക്കപ്പെട്ട ഹരിത നേതാക്കളെയും ഇവരെ പിന്തുണച്ച എം.എസ്.എഫ് നേതാക്കളെയും തിരിച്ചെടുത്ത് യൂത്ത് ലീഗിന്റെ സംസ്ഥാന -ദേശീയ സമിതികളിൽ ഉന്നതസ്ഥാനത്തിരുത്തിയതിനെയും നേതാക്കൾ വിമർശിച്ചു. തിരിച്ചെടുത്തതല്ല, അവർക്ക് നേതൃനിരയിൽ ഉയർന്ന പദവികൾ നൽകിയതാണ് തെറ്റായ സന്ദേശം നൽകിയത്. യൂത്ത് ലീഗ് ജില്ല കമ്മിറ്റികൾ ഉടൻ വിളിക്കണമെന്നും സംസ്ഥാന നേതാക്കൾ അതിൽ പങ്കെടുത്ത് വിശദീകരണം നൽകുമെന്നുമായിരുന്നു പ്രസിഡന്റ് മുനവ്വറലി തങ്ങളുടെ മറുപടി. മൂന്ന് ദിവസത്തെ ക്യാമ്പിൽ ലീഗ് നേതാക്കൾ ആരും പങ്കെടുക്കാനെത്താത്തതും ശ്രദ്ധേയമായി. മുനവ്വറലി തങ്ങളുടെ അധ്യക്ഷതയിലായിരുന്നു ക്യാമ്പ്.
മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്തീൻകോയ, കണ്ണൂർ ജില്ല സെക്രട്ടറി നസീർ, ടി.ഡി. മുഹമ്മദ് കബീർ (കാസർകോട്), കെ.എം.എ റഷീദ് (കോഴിക്കോട്), അസ്ഗർ അലി (പാലക്കാട്) എന്നിവരാണ് ക്യാമ്പിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.