കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ വിഷയം ശ്രദ്ധയിൽപെടുത്താൻ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിട്ടുകാണുമെന്ന് വി.ഡി. സതീശൻ.
ഇക്കാര്യം നിയമസഭയിലും ഉന്നയിക്കും. വർഷങ്ങളായി ഒരു പെൺകുട്ടി ഇത്രയും ദുരിതം അനുഭവിക്കുമ്പോൾ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാനാവുന്നത്? 50 ലക്ഷമാണ് അവർ ചോദിച്ചത്. ഹർഷിന അനുഭവിച്ച യാതനയും സാമ്പത്തിക നഷ്ടങ്ങളുമൊക്കെ പരിഗണിച്ചാൽ അതൊന്നും ഒന്നുമാകില്ല.
എങ്കിലും, അവർ ആവശ്യപ്പെട്ടതെങ്കിലും നൽകാൻ സർക്കാർ തയാറാവണം. പൊലീസ് പ്രതികളെ കണ്ടെത്തിയിട്ടും ആരോഗ്യ വകുപ്പ് അനങ്ങാതിരിക്കുന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനം നടത്തിയ ഹോട്ടലിലെത്തി ഹർഷിനയും സമരസമിതി പ്രവർത്തകരും പ്രതിപക്ഷ നേതാവിനെ സന്ദർശിച്ചു. സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പിലെ നാലുപേർ കുറ്റക്കാരാണെന്ന് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടും ആരോഗ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്ന് ഹർഷിന മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. പൊലീസ് റിപ്പോർട്ട് നൽകിയാലുടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതാണ്. ഇപ്പോൾ ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ മറ്റൊന്നും മിണ്ടുന്നില്ല. താനാവശ്യപ്പെട്ട നഷ്ടപരിഹാരം നൽകണമെന്നും ഹർഷിന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.