ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദേശ സന്ദർശനത്തെ കുറിച്ച് രാജ്ഭവനെ അറിയിക്കാത്ത വിഷയത്തിൽ നേരത്തെ തന്നെ രാഷ്ട്രപതിക്ക് കത്ത് നൽകിയിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി.
മുഖ്യമന്ത്രി വിദേശയാത്ര പോയിട്ടുണ്ടോ എന്ന് മാധ്യമപ്രവർത്തകരോട് ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിയുടെ യാത്രയെ കുറിച്ച് തനിക്കറിയില്ല. മുഖ്യമന്ത്രിയുടെ യാത്രാവിവരം അറിയിച്ചതിൽ മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും ഗവർണർ വ്യക്തമാക്കി.
തിങ്കളാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് പോയത്. നെടുമ്പാശ്ശേരിയിൽ നിന്ന് ദുബൈ വഴിയാണ് മുഖ്യമന്ത്രി, ഭാര്യ കമല, കൊച്ചുമകൻ ഇഷാൻ എന്നിവർ ഇന്തോനേഷ്യയിലേക്ക് പോയത്. മേയ് രണ്ടു മുതൽ അഞ്ചുവരെ ദുബൈയിലുണ്ടായിരുന്ന മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും തിങ്കളാഴ്ച ഇന്ത്യോനേഷ്യയിലേക്ക് പോയി.
സ്വകാര്യ സന്ദർശനമെന്ന് സൂചിപ്പിച്ചാണ് യാത്രാനുമതിക്ക് മുഖ്യമന്ത്രി കേന്ദ്ര സർക്കാറിൽ അപേക്ഷ നൽകിയത്. ഇന്ത്യോനേഷ്യ, സിംഗപ്പുർ, യു.എ.ഇ എന്നിവിടങ്ങൾ സന്ദർശിക്കുന്ന മുഖ്യമന്ത്രിക്ക് 16 ദിവസത്തേക്കാണ് യാത്രാനുമതി. ഇതേ രാജ്യങ്ങൾ സന്ദർശിച്ച് 21ന് മടങ്ങുന്ന മന്ത്രി മുഹമ്മദ് റിയാസിന് 20 ദിവസവും. 12 വരെ മുഖ്യമന്ത്രിയും കുടുംബവും ഇന്ത്യോനേഷ്യയിലുണ്ടാകും. 12 മുതൽ 18 വരെ സിംഗപ്പുരും 19 മുതൽ 21 വരെ യു.എ.ഇയും സന്ദർശിക്കും.
കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചനയാണ് സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയത്. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ അടുത്ത യോഗം ഓൺലൈനിലായിരിക്കുമെന്ന അറിയിപ്പ് മാത്രമാണുണ്ടായിരുന്നത്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്ത് പോകുന്ന വേളകളില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ യാത്ര വിവരങ്ങൾ സംബന്ധിച്ച് വാർത്തക്കുറിപ്പ് ഇറക്കാറുണ്ട്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഇത്തവണ ഔദ്യോഗിക അറിയിപ്പുണ്ടായില്ല. യാത്രാവിവരം രാജ്ഭവനെയും അറിയിച്ചിരുന്നില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.