തിരുവനന്തപുരം: യു.ഡി.എഫ് കൺവീനറായി എം.എം. ഹസൻ തൽക്കാലം തുടരും. അദ്ദേഹത്തെ തൽക്കാലം മാറ്റേെണ്ടന്നാണ് കോൺഗ്രസ് ഹൈകമാൻഡിലുണ്ടായ ധാരണ. തെക്കൻ കേരളത്തിലെ മുസ്ലിം വോട്ടർമാരെ മുന്നണിയുമായി ചേർത്തുനിർത്താൻ ഹസൻ തുടരണമെന്നാണ് ഹൈകമാൻഡ് വിലയിരുത്തൽ. ബെന്നി ബഹന്നാനെ മാറ്റി ഹസനെ നിയോഗിച്ചിട്ട് അധികകാലം ആയിട്ടുമില്ല. അതിനാൽ, ഉടൻ മാറ്റം വേണ്ടെന്ന ധാരണയിൽ ഹൈകമാൻഡ് എത്തുകയായിരുന്നു.
അതേസമയം, കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കായി മുതിർന്ന നേതാക്കൾ അടുത്തമാസം രണ്ടിന് വീണ്ടും യോഗം ചേരും. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പുറമെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദീഖ് എന്നിവരാകും പങ്കെടുക്കുക.
ജംബോ കമ്മിറ്റികൾ ഒഴിവാക്കിയുള്ള പുനഃസംഘടനയിൽ പരിഗണിക്കേണ്ടവരുടെ യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കാണ് യോഗം. 14 ഡി.സി.സികളിലും പുതിയ അധ്യക്ഷന്മാരെ നിയമിക്കും. പുതിയ കെ.പി.സി.സി ഭാരവാഹികളെയും നിശ്ചയിക്കും. മൂന്ന് മാസത്തിനകം പുനഃസംഘടന പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.