കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ യുവമോർച്ച കണ്ണൂർ ജില്ല മുൻ സെക്രട്ടറി ലസിത പാലക്കലിനെതിരെ കേസ്. പി.ഡി.പി എറണാകുളം ജില്ല പ്രസിഡന്റ് അഷ്‌റഫ് വാഴക്കാലയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.
കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മഅ്ദനിക്കെതിരെ അദ്ദേഹത്തിന്റെ ചിത്രം വെച്ച് ലസിത വിദ്വേഷ പോസ്റ്റിട്ടിരുന്നു. കേരള പൊലീസ് ആക്ട് 120 ഒ, ഐ.പി.സി 153 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വിദ്വേഷ പ്രചാരണം നടത്തിയതിന് ആർ. ശ്രീരാജ് എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമാനിച്ച മാധ്യമപ്രവർത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ലസിത പാലക്കലിനെതിരെ മീഡിയവണും പൊലീസിൽ പരാതി നൽകിയിരുന്നു. പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമപ്രവർത്തകയാണ് മാപ്പ് പറയേണ്ടതെന്നും പൊതുജനം നേരിൽ കണ്ട സത്യത്തെക്കാൾ വലുതല്ല മാധ്യമപ്രവർത്തകയുടെ ആരോപണമെന്നുമാണ് ലസിത പാലക്കൽ ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്തെ പാലത്തായി പീഡനക്കേസ് പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജന് പിന്തുണയുമായും ലസിത പാലക്കൽ രംഗത്തെത്തിയിരുന്നു. ഇരയായ പെൺകുട്ടിയുടെ അധ്യാപകനായ പത്മരാജനെതിരെ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും കേസിലെ ഇരയായ 11 വയസ്സുകാരിയെക്കൊണ്ട് ഇദ്ദേഹത്തിനെതിരെ മൊഴി നല്‍കിച്ചതാണെന്നുമായിരുന്നു ലസിത പാലക്കൽ ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ ആരോപിച്ചത്. ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രതിയായ പത്മരാജനെ പിന്തുണക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
സിനിമ താരം തരികിട സാബു തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കിൽ പ്രചാരണം നടത്തിയെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പാനൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയും ഇവർ ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.