‘തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ’: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്

കോഴിക്കോട്: ചാനൽ ചർച്ചയിലെ ‘തട്ടമിടാത്ത മുസ്‍ലിം സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെ’ന്ന പരാമർശത്തിന്റെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ഒ​ക്​ടോബർ ഏഴിന് റിപ്പോർട്ടർ ചാനലിലെ ‘ക്ലോസ് എൻകൗണ്ടർ’ പരിപാടിയിൽ നടത്തിയ പരാമർശത്തിനെതിരെ പൊതുപ്രവർത്തക വി.പി. സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസിന്‍റെ നടപടി.

സമുദായത്തിൽ മതപരമായ വികാരം ആളിക്കത്തിക്കണമെന്നും മുസ്‍ലിം സ്ത്രീകളുടെ മതവികാരങ്ങൾ വ്രണപ്പെടുത്തണമെന്നും കരുതിക്കൂട്ടി ലക്ഷ്യമിട്ട് പ്രസ്താവന നടത്തിയെന്നാണ് പ്രഥമവിവര റിപ്പോർട്ടിലുള്ളത്. ശിക്ഷാനിയമം 295 എ (മതവികാരവും വിശ്വാസവും വ്രണപ്പെടുത്തൽ), 298 (മതവികാരം വ്രണപ്പെടുത്തുന്ന സംസാരം) എന്നീ വകുപ്പുകളിലാണ്​ കേസ്. ഇതിൽ 295 എ ജാമ്യമില്ലാ വകുപ്പാണ്.

ഇടതുപക്ഷ സ്വാധീനഫലമായുള്ള വിദ്യാഭ്യാസം നേടിയതിനാലാണ് മലപ്പുറത്ത് മുസ്‍ലിം സ്ത്രീകൾ തട്ടമുപേക്ഷിക്കുന്നതെന്ന വിധം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽകുമാറിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കവെയായിരുന്നു ഉമർ ഫൈസിയുടെ വിവാദ പരാമർശം. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശം സമസ്ത നേതാവ് ഉമർ ഫൈസി മുക്കം നടത്തിയത്. 

സമസ്ത നേതാവിന്റെ പ്രസ്താവന വന്നതിന് പിറ്റേന്ന് നല്ലളത്ത് കുടുംബശ്രീ യോഗത്തിൽ പ​ങ്കെടുത്ത സുഹറ, തലയിൽ നിന്ന് തട്ടം എടുത്തുമാറ്റി പ്രതിഷേധിച്ചിരുന്നു. തുടർന്ന് കുടുംബശ്രീ യോഗത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ ഇവർ നൽകിയ മറ്റൊരു കേസ് നല്ലളം പൊലീസിൽ നിലവിലുണ്ട്.

ഉമർ ഫൈസിക്കെതിരെ കേസെടുത്തത് സ്ത്രീകളുടെ വിജയമാണെന്ന് നിസ അധ്യക്ഷ വി.പി. സുഹ്റ പ്രതികരിച്ചു. ഉമർ ഫൈസി സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തെന്നും സുഹ്റ പറഞ്ഞു.

Tags:    
News Summary - Hate Statements against Women: Case against Samastha leader umar faizy mukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.