കൊടുങ്ങല്ലൂർ (തൃശൂർ): വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ പക്കൽനിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് കണ്ടെത്തി. മേത്തല വടശേരി കോളനിയിൽ കോന്നാടത്ത് ജിത്തുവിന്‍റെ (കുഞ്ഞൻ - 33) പക്കൽനിന്നാണ് കള്ളനോട്ടുകൾ പൊലീസ് കണ്ടെടുത്തത്.
ചൊവ്വാഴ്ച രാത്രി 10.30നാണ് ജിത്തു സഞ്ചരിച്ച ബൈക്ക് കരൂപടന്നയിൽ അപകടത്തിൽപ്പെടുന്നത്. ഇയാളെ അതുവഴിയെത്തിയ യാത്രികർ ചേർന്ന് മോഡേൺ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മരുന്നുകൾക്കും ടെസ്റ്റുകൾക്കും ചെലവായ ബിൽ അടക്കാനാവശ്യപ്പെട്ടപ്പോൾ ഒരുകെട്ട് അഞ്ഞൂറിന്‍റെ നോട്ടുകളാണ് നൽകിയത്. നോട്ടുകൾ ടെല്ലിങ്ങ് മെഷീനിൽ എണ്ണിയപ്പോൾ കള്ളനോട്ടുകളാണെന്ന് മനസ്സിലായി.
ഉടൻ ആശുപത്രിക്കാർ കൊടുങ്ങല്ലൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് 500ന്‍റെ കള്ളനോട്ട് കെട്ടുകൾ ഇയാളുടെ പോക്കറ്റുകളിൽനിന്ന് കണ്ടെടുത്തത്. ഇരിങ്ങാലക്കുട പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ഏറ്റെടുത്ത് ജിത്തുവിന്‍റെ വീട്ടിൽ റെയ്ഡ് നടത്തി.
ഗുരുതര പരിക്കോടെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ് ജിത്തു. പരിക്ക് ഭേദമായാൽ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് കൊടുങ്ങല്ലൂർ പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് മേത്തല ശ്രീനാരാണ സമാജം ബിൽഡിങ്ങിൽ ഫാൻസി േസ്റ്റാഴ്സ് നടത്തിവന്നിരുന്ന സ്ത്രീയ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയാണ് ജിത്തു. ഈ പ്രദേശത്ത് ഇയാൾ മീൻ കച്ചവടം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.