'ക്ഷണിച്ചാലുടന്‍ ലീഗ് വരുമെന്ന് കരുതിയ സി.പി.എം നേതാക്കള്‍ക്ക് ഇത്രയും ബുദ്ധിയില്ലാതായിപ്പോയോ..‍‍?'- വി.ഡി.സതീശൻ

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായ സി.പി.എം സമരത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ലീഗ് നിലപാടിനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയ-സംസ്ഥാന രാഷ്ട്രീയവും മാറി വരുന്ന സാഹചര്യങ്ങളും ഏറ്റവും നന്നായി വിലയിരുത്തുന്ന യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. അവർ ക്ഷണിച്ചാലുടൻ വരുമെന്ന് കരുതിയ സി.പി.എം നേതാക്കള്‍ക്ക് ഇത്രയും ബുദ്ധിയില്ലാതായിപ്പോയോ എന്ന് വി.ഡി.സതീശൻ പരിഹസിച്ചു.

കാപട്യവുമായാണ് സി.പി.എം ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. അധികാരത്തില്‍ ഇരിക്കുമ്പോഴും അധികാരത്തില്‍ നിന്ന് പുറത്തായപ്പോഴും ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടെന്ന് കൃത്യതയോടെ നിലപാടെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതൊരു മതപരമായ വിഷയമാക്കാതെ എല്ലാവരെയും ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് ബി.ജെ.പിയുടേത്. അതിനിടിയില്‍ ആരെയെങ്കിലും കിട്ടുമോയെന്ന് അറിയാനാണ് സി.പി.എം ഇറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ നന്നായി കിട്ടിയല്ലോ. കിട്ടിയതും കൊണ്ടങ്ങ് പോയാല്‍ മതിയെന്നും വി.ഡി.സതീശൻ പറഞ്ഞു.

ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെ എക്കാലത്തെയും വലിയ നേതാവായ ഇ.എം.എസ് പറഞ്ഞത്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് സി.പി.എം അംഗങ്ങള്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതിന്റെ മുപ്പത്തിയെട്ടാം വാര്‍ഷികമാണിന്ന്. സുശീലാ ഗോപാലന്‍ അടക്കമുള്ള നേതാക്കള്‍ ഏക സിവില്‍ കോഡിന് വേണ്ടി സമരം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് എം.വി ഗോവിന്ദന്‍ പറയുന്നത് കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന്. കോണ്‍ഗ്രസിന് വ്യക്തതയില്ലായിരുന്നെങ്കില്‍ രാജ്യം ഭരിച്ചിരുന്ന കാലത്ത് തന്നെ ഏക സിവില്‍ കോഡ് നടപ്പാക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഒരു മതേതര പ്ലാറ്റ്‌ഫോം ഉണ്ടാകണമെന്ന ലക്ഷ്യത്തിന് മുന്നില്‍ നില്‍ക്കുന്നയാളാണ് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ സി.പി.എം നേതാക്കള്‍ ബി.ജെ.പിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ നേതാക്കളോട് മാത്രമെ ഞങ്ങള്‍ക്ക് അതൃപ്തിയുള്ളൂ. കേസ് ഉള്ളത് കൊണ്ട് ബി.ജെ.പി- സംഘപരിവാര്‍ നേതൃത്വവുമായും കേന്ദ്ര സര്‍ക്കാരുമായും അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുകയാണ്. കള്ളക്കടത്ത് കേസില്‍ ഇങ്ങോട്ട് സഹായിച്ചപ്പോള്‍ കുഴല്‍പ്പണ കേസില്‍ അങ്ങോട്ട് സഹായിച്ചുവെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരിട്ട് കഴിഞ്ഞ ഏഴ് വര്‍ഷമായി സി.പി.എം കേരളത്തില്‍ നടത്തുന്ന വര്‍ഗീയ പ്രീണനത്തെ ഞങ്ങള്‍ പൊളിച്ചടുക്കി കെട്ടിത്തൂക്കും. അതാണ് ഇനി കേരളം കാണാന്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - 'Have the CPM leaders thought that the league will come as soon as they were invited, have they lost their wits?'- V.D.Sathisan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.