നെയ്യാറ്റിൻകര: തമിഴ്നാട് മോഡലിൽ പണംെവച്ച് കോഴിപ്പോര് നടത്തിയവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. 11 പേരെയും 10 കോഴികളെയും 8000 രൂപയും 30 ബൈക്കുകളും നെയ്യാറ്റിൻകര പൊലീസ് പിടികൂടി. സ്റ്റേഷനിലെത്തിച്ച കോഴികളിൽ എട്ടെണ്ണം മത്സരത്തിനിടെയുണ്ടായ പരിക്ക് കാരണം ചത്തു.
നെയ്യാറ്റിൻകര ഭാസ്കർ നഗറിൽ ഇഞ്ചിപ്പുല്ലുവിളയിൽ ആളൊഴിഞ്ഞ പറമ്പിലാണ് തമിഴ്നാട് മോഡലിൽ കോഴിപ്പോര് നടന്നത്. നൂറോളം പേർ മത്സരം കാണാനെത്തിയിരുന്നു. ശനിയാഴ്ച രാവിലെ നടന്ന മത്സരത്തെക്കുറിച്ച് അറിഞ്ഞതോടെ രണ്ട് ജീപ്പിലും മഫ്തിയിലുമായി പൊലീസ് സ്ഥലം അന്വേഷിച്ച് ഇറങ്ങി. ഒരുമണിക്കൂറിലെറെ പ്രദേശത്ത് അരിച്ച് പെറുക്കിയ പൊലീസ് സ്ഥലം കണ്ടെത്തിയപ്പോഴേക്കും മത്സരം അവസാനിക്കാറായിരുന്നു. അവസാന റൗണ്ട് നടക്കുന്നതിനിടെ എത്തിയ പൊലീസിനെ കണ്ട് കോഴിയുമായി ഒാടിയവരെ ഓടിച്ചിട്ട് പിടികൂടി.
കോഴിപ്പോരിൽപങ്കെടുത്ത പലരും കോഴിയുമായി തിരിച്ചുപോയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ മത്സരത്തിന് പങ്കെടുക്കുന്നതിനും കാണുന്നതിനുമെത്തി. കൂടുതൽ പൊലീസിനെ വരുത്തി ബൈക്കുകളും സ്റ്റേഷനിലെത്തിച്ചു. പൊലീസ് വാഹനത്തിൽ തന്നെ കോഴികളെ സ്റ്റേഷനിലെത്തിച്ച് ഭക്ഷണം നൽകിയെങ്കിലും ചത്തു. നെയ്യാറ്റിൻകര സി.ഐ ശ്രീകുമാരാൻ നായരുടെയും എസ്.ഐ ശെന്തിൽ കുമാറിെൻറയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രിവൻഷൻ ഓഫ് ക്രൂവൽ റ്റു അനിമൽ ആക്റ്റ് സെക്ഷൻ 11 പ്രകാരവും എപ്പിഡമിക് ആക്റ്റ് പ്രകാരവും കേസെടുത്ത് പിടികൂടിയവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.