പോത്തൻകോട് (തിരുവനന്തപുരം): നോക്കുകൂലി ആവശ്യപ്പെട്ട് വീടുനിർമാണ സ്ഥലത്തെത്തിയ ചുമട്ടുതൊഴിലാളികൾ കരാറുകാരനെയും വാർക്കപ്പണി തൊഴിലാളികളെയും മർദിച്ചു. സംഭവത്തിൽ രണ്ട് ചുമട്ടുതൊഴിലാളികളെ പൊലീസ് അറസ്റ്റു ചെയ്തു. ഐ.എൻ.ടി.യു.സി പ്രവർത്തകരായ വേണുഗോപാൽ, തുളസീധരൻ നായർ എന്നിവരാണ് അറസ്റ്റിലായത്.
പോത്തൻകോട് നന്നാട്ടുകാവ് കടുവാക്കുഴിയിൽ വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ചെങ്ങന്നൂർ സ്വദേശിക്കായി നിർമ്മിക്കുന്ന വീടിന്‍റെ പണിസ്ഥലത്താണ് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ വിവിധ ട്രേഡ് യൂണിയനുകളിൽ ഉൾപ്പെട്ട പതിനഞ്ചോളം തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടെത്തിയത്.
പുതുതായി നിർമ്മിക്കുന്ന വീടിന്‍റെ അടിത്തറ ബെൽറ്റ് കോൺക്രീറ്റ് നടക്കുകയായിരുന്നു. ഇതിനായി കരാറുകാരൻ മണികണ്ഠൻ കഴിഞ്ഞ ദിവസം വാർക്ക കമ്പി ഇറക്കി. തങ്ങളെ അറിയിക്കാതെ കമ്പി ഇറക്കിയതിനെ ചോദ്യം ചെയ്യാൻ ട്രേഡ് യൂനിയൻ പ്രവർത്തകർ വൈകീട്ട് സ്ഥലത്തെത്തിയെങ്കിലും കരാറുകാരൻ ഇല്ലാത്തതിനാൽ മടങ്ങിപ്പോയി. തുടർന്ന് വ്യാഴാഴ്ച കോൺക്രീറ്റ് ജോലികൾ ആരംഭിക്കാനിരിക്കെ ഇവർ വീണ്ടും സ്ഥലത്തെത്തി 10,000 രൂപ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കരാറുകാരൻ തുക നൽകാൻ വിസമ്മതിച്ചു. ഇതേതുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഭവത്തെ തുടർന്ന് വീടുപണി നിർത്തിവെച്ചു. മർദനത്തിൽ പരിക്കേറ്റ മൂന്ന് വാർക്കപ്പണി തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഇറക്കിയ ലോഡിന്‍റെ കൂലി മാത്രമാണ് ചോദിച്ചതെന്നും തങ്ങളെയാണ് ആദ്യം മർദിച്ചതെന്നും ചുമട്ടുതൊഴിലാളികൾ പറഞ്ഞു. സംഭവത്തിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.