തിരുവനന്തപുരം: ഡോക്ടർമാർ നടത്തുന്ന സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാർ രംഗത്ത്. മുന്‍കൂട്ടി അവധി അനുവദിക്കപ്പെടാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃത അവധിയായി കണക്കാക്കുമെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പ്രേത്യക സർക്കുലറിലൂടെ അറിയിച്ചു. ആവശ്യ സര്‍വിസ് എന്ന നിലയിൽ രോഗീപരിചരണത്തിനും രോഗപ്രതിരോധത്തിനും ഉത്തരവാദപ്പെടുത്തിയ ഡോക്ടര്‍മാര്‍ ജോലിയില്‍നിന്ന് മാറിനില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
ജോലിയിൽനിന്ന് വിട്ടുനില്‍ക്കുന്ന ദിവസം ശമ്പളത്തിന് അര്‍ഹതയുണ്ടാവില്ല. അത് ബ്രേക്ക് ഇന്‍ സര്‍വിസായി കണക്കാക്കുകയും ചെയ്യും. ഈ ശമ്പളമില്ലായ്മയും ബ്രേക്ക് ഇന്‍ സര്‍വിസും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തേണ്ടതും ശമ്പളം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവക്ക് പരിഗണിക്കേണ്ടതുമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. സേവന ലഭ്യതക്കായി ജോലി ക്രമീകരണം, അക്കോമഡേഷന്‍ എന്നീ വ്യവസ്ഥ പ്രകാരം ഏതെങ്കിലും ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ മുന്‍കൂട്ടി അനുമതിയില്ലാതെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ വ്യവസ്ഥകള്‍ റദ്ദാക്കി അവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയക്കും.
പ്രബേഷണില്‍ ആയ അസി. സര്‍ജന്മാർ മുന്‍കൂട്ടി അവധിയെടുക്കാതെ സര്‍വിസില്‍നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ അയാളുടെ സേവനം അവസാനിപ്പിക്കും. ഇതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കാനാണ് നിര്‍ദേശം.
സർക്കുലറിലെ നിർദേശങ്ങൾ
-മുന്‍കൂട്ടിയുള്ള അവധി അനുവദിക്കപ്പെടാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ ആബ്‌സന്‍സ് ആയി കണക്കാക്കുന്നതാണ്. ഇങ്ങനെ വിട്ടു നില്‍ക്കുന്ന ദിവസം ശമ്പളത്തിന് അര്‍ഹതയില്ലാതിരിക്കുകയും ബ്രേക്ക് ഇന്‍ സര്‍വീസായി കണക്കാക്കുകയും ചെയ്യും. ശമ്പളമില്ലായ്മയും ബ്രേക്ക് ഇന്‍ സര്‍വീസും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തേണ്ടതും ശമ്പളം, പ്രൊമോഷന്‍, ട്രാന്‍സ്ഫര്‍ എന്നിവക്ക് പരിഗണിക്കേണ്ടതുമാണ്.
-സേവന ലഭ്യതക്കായി ജോലി ക്രമീകരണം/അക്കോമെഡേഷന്‍ എന്നീ വ്യവസ്ഥ പ്രകാരം ഏതെങ്കിലും ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ മുന്‍കൂട്ടി അനുമതിയില്ലാതെ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന പക്ഷം പ്രസ്തുത വ്യവസ്ഥകള്‍ റദ്ദാക്കേണ്ടതും അവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയക്കേണ്ടതുമാണ്.
- പ്രൊബേഷണല്‍ ആയ അസിസ്റ്റന്റ് സര്‍ജന്‍ മുന്‍കൂട്ടി അവധിയെടുക്കാതെ സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥന്‍റെ സേവനം അവസാനിപ്പിക്കുന്നതിനായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടതും 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കേണ്ടതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
സമരത്തിന് പിന്നിൽ സ്വകാര്യ പ്രാക്ടിസ് തടസ്സപ്പെടുമെന്ന ഭയം -മന്ത്രി ശൈലജ
കണ്ണൂർ: നടത്തുന്ന സ്വകാര്യ പ്രാക്ടിസിന് തടസ്സംവരുമോയെന്ന ചില ഡോക്ടർമാരുടെ പേടിയാണ് ഒ.പി സമയം നീട്ടിയതിെൻറ പേരിലെ സമരത്തിന് പിന്നിലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സർക്കാർ ഡോക്ടർമാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കുറച്ചുപേർ മാത്രമാണ് സമരംചെയ്യുന്നത്. അവരുടെ ആക്ഷേപം ശരിയല്ല. ഒ.പി സമയം നീട്ടിയെങ്കിലും ഡോക്ടർമാരുടെ ജോലിഭാരം വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർക്കാറിെൻറ ആർദ്രം മിഷനെ പൊളിക്കാനുള്ള ഒരുസംഘം ഡോക്ടർമാരുടെ ഗൂഢാലോചനയാണ് നടക്കുന്നത്. ജനങ്ങൾക്ക് കിട്ടുന്ന സഹായം ഇല്ലാതാക്കാൻ ഒരുകാരണവശാലും അനുവദിക്കില്ല. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ തക്കതായ ശിക്ഷ ലഭിക്കും. ആരോഗ്യരംഗം അവശ്യ സർവിസായതിനാൽ ഡോക്ടർമാർക്ക് പണിമുടക്കി സമരംചെയ്യാൻ പറ്റില്ല. ആശുപത്രിയിൽ വരുന്ന രോഗികളോടാണോ ഡോക്ടർമാർ പണിമുടക്കുന്നത്. ഈ സമരത്തെ എന്തുചെയ്യണമെന്ന് ജനങ്ങൾ ആലോചിക്കണം.
ഒ.പി സമയം രാവിലെ ഒമ്പത് മുതൽ ഒരുമണി വരെയും ഉച്ച രണ്ട് മുതൽ ആറുമണി വരെയുമാക്കി. എന്നാൽ, രാവിലെ ജോലിചെയ്യുന്ന ഡോക്ടർ ഉച്ചക്ക് ഒ.പിയിൽ ഇരിക്കേണ്ടതില്ല. കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സയുമില്ല. മൂന്ന് ഡോക്ടർമാരും രണ്ട് നഴ്സുമാരും ഉണ്ടെന്ന് ഉറപ്പുവരുത്തി മാത്രമാണ് തെരഞ്ഞെടുത്ത 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നത്. ഡോക്ടറും നഴ്സുമില്ലാത്ത ഒരു പി.എച്ച്.സിയിലും കുടുംബാരോഗ്യകേന്ദ്രം പ്രഖ്യാപിക്കുകയോ വൈകുന്നേരത്തെ ഒ.പി നിർബന്ധമാക്കുകയോ ചെയ്തിട്ടില്ല.
മൂന്ന് ഡോക്ടർമാരുണ്ടായിട്ടും വൈകുന്നേരം ഒ.പിയിൽ ഹാജരാകാതിരുന്നതിെൻറ പേരിലാണ് പാലക്കാട്ട് കുമരംപുത്തൂരിലെ ഒരു ഡോക്ടറെ സസ്പെൻഡ്ചെയ്തത്. ജോലിചെയ്യാൻ തയാറാകാത്ത ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാതെ വകുപ്പിന് മുന്നോട്ടുപോകാനാവില്ലെന്നും മന്ത്രി തുടർന്നു.
സമരത്തിൽ രോഗികൾ വലഞ്ഞു
തിരുവനന്തപുരം: സർക്കാറിെൻറ ആരോഗ്യനയങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരം തുടങ്ങി. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ല, ജനറല്‍ ആശുപത്രികള്‍വരെ സമരം അറിയാതെ എത്തിയ നൂറുകണക്കിന് രോഗികള്‍ വലഞ്ഞു. ചിലയിടങ്ങളില്‍ പ്രത്യേക കൗണ്ടര്‍ ക്രമീകരിച്ച് സമരത്തിൽ പങ്കെടുത്ത ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. അടിയന്തര സേവനങ്ങളെയും കിടത്തി ചികിത്സയെയും സമരം കാര്യമായി ബാധിച്ചില്ല.
പുതുതായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒ.പി സമയം കൂട്ടിയതിലും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാത്തതിലും സര്‍ക്കാറിെൻറ ആരോഗ്യനയങ്ങളില്‍ പ്രതിഷേധിച്ചുമാണ് കേരള ഗവൺമെൻറ് മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) വെള്ളിയാഴ്ച സമരം ആരംഭിച്ചത്. അതേസമയം, താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേക്കുള്ള ആശുപത്രികളിലെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തില്ല.
സമരം നടത്തുന്ന ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസും നടത്തുന്നില്ല. സമരം ഒത്തുതീര്‍പ്പാക്കാത്തപക്ഷം ഏപ്രിൽ 18 മുതല്‍ കിടത്തിചികിത്സ സേവനവും ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നാലായിരത്തിലധികം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തതായി കെ.ജി.എം.ഒ.എ അവകാശപ്പെട്ടു. ‘ആര്‍ദ്രം’ പദ്ധതിയുടെ പേരില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയ ആശുപത്രികളില്‍ ഒ.പി സമയം കൂട്ടിയതാണ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന് പ്രധാന കാരണം. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച പാലക്കാട് കുമരംപുത്തൂരിലെ ഒരു ഡോക്ടറെ സസ്‌പെൻഡ് ചെയ്തതാണ് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചത്.
അതിനിടെ, ഒ.പി സമയം കൂട്ടിയതിനല്ല സമരമെന്നും ഓരോ രോഗിക്കും ആവശ്യമായ സമയം നല്‍കി പരിശോധന നടത്താന്‍ വേണ്ടത്ര ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാതെ രോഗികളെ പറ്റിക്കുന്ന തട്ടിക്കൂട്ട് സംവിധാനത്തിനെതിരെയാണെന്നും കെ.ജി.എം.ഒ.എ അവകാശപ്പെടുന്നു. താൽക്കാലിക നിയമനങ്ങള്‍കൊണ്ട് ‘ആര്‍ദ്രം’ പദ്ധതി വിഭാവനം ചെയ്യുന്ന സേവനം നല്‍കാനാവില്ല. ചില ആശുപത്രികളില്‍ ഒരു ഡോക്ടര്‍ നൂറുമുതല്‍ മുന്നൂറോ അതിലധികമോ രോഗികളെവരെ പരിശോധിക്കേണ്ട അവസ്ഥയാണ്. മതിയായ ചികിത്സ നല്‍കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി കുറഞ്ഞത് നാല് ഡോക്ടര്‍മാരെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉണ്ടാകണം. ഒ.പി സമയം നീട്ടണമെങ്കില്‍ മിനിമം അഞ്ച് സ്ഥിരം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഉണ്ടാകണമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കല്‍, അവലോകനയോഗം നടത്തല്‍, ദേശീയ ആരോഗ്യ പദ്ധതികളുടെ നിര്‍വഹണം, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള രോഗപ്രതിരോധ കുത്തിവെപ്പ്, സ്‌കൂളുകളിലെ കുട്ടികളുടെ ആരോഗ്യ പരിശോധന, കിടപ്പ് രോഗികള്‍ക്കായുള്ള പരിചരണ പദ്ധതികളുടെ നടത്തിപ്പ് തുടങ്ങി ഒട്ടേറെ ജോലികള്‍ ഇതിനുപുറമെയും ചെയ്യേണ്ടിവരുന്നതായി അവർ പറയുന്നു.
കുമരംപുത്തൂരില്‍ ഒ.പി മുടങ്ങിയില്ല
കുടുംബാരോഗ്യ കേന്ദ്രമാക്കിയ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരില്‍ വെള്ളിയാഴ്ച വൈകുന്നേരംവരെ സായാഹ്ന ഒ.പി പ്രവര്‍ത്തിച്ചു. അതേസമയം കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് മുടങ്ങി. ഇവിടത്തെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മെഡിക്കല്‍ ഓഫിസറും മറ്റ് മൂന്നു ഡോക്ടര്‍മാരും ജോലിക്കെത്തിയിരുന്നില്ല. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുവരെ എന്‍.എച്ച്.എം നിയമിച്ചിട്ടുള്ള ഡോക്ടറും അതിനുശേഷം താലൂക്ക് ആശുപത്രിയില്‍നിന്നുള്ള മറ്റൊരു ഡോക്ടറും ഒ.പിക്ക് നേതൃത്വം നൽകി.
കുമരംപുത്തൂരില്‍ താൽക്കാലിക ഡോക്ടറെക്കൊണ്ടാണ് വൈകുന്നേരം വരെ ഒ.പി നടത്തിയിരുന്നത്. അദ്ദേഹത്തിെൻറ സേവനകാലാവധി അവസാനിച്ചതോടെ മറ്റ് ഡോക്ടര്‍മാരാരും സായാഹ്ന ഒ.പിയുടെ ചുമതല ഏറ്റെടുക്കാന്‍ തയാറായില്ല. സായാഹ്ന ഒ.പിക്ക് ഡ്യൂട്ടിക്കെത്താത്തതിനെതുടര്‍ന്നാണ് വ്യാഴാഴ്ച ആരോഗ്യവകുപ്പ് ഡയറക്ടര്‍ അവിടത്തെ അസി. സര്‍ജന്‍ ഡോ. സി.കെ. ജസ്‌നിയെ സസ്‌പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.