കോവിഡ് പ്രതിരോധത്തിന് ആവശ്യത്തിന് ആളുകളില്ല; ആരോഗ്യവകുപ്പ് വലയുന്നു

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് ആവശ്യത്തിന് ആളുകളില്ലാതെ ആരോഗ്യവകുപ്പ് വലയുന്നു. ഡോക്ടർമാർ, മൈക്രോ ബയോളജിസ്​റ്റ്​, ലാബ് ടെക്നീഷ്യന്മാർ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ള ജീവനക്കാരുടെ അഭാവമാണ് ആശുപത്രികൾ നേരിടുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ജീവനക്കാരില്ലാത്തത് രോഗപ്രതിരോധത്തിന് വിലങ്ങുതടി ആയിരിക്കുകയാണ്. പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമുള്ള നൂറോളം രോഗികളെയാണ് ദിവസവും ജില്ലയിൽ കണ്ടെത്തുന്നത്. ഇവരുടെ കോവിഡ് പരിശോധനക്കുതന്നെ വേണ്ടത്ര ജീവനക്കാരില്ലാതെ പരിശോധനഫലം വൈകുകയാണ്. രോഗീപരിചരണം കാര്യമായി നടത്തുന്ന നഴ്സുമാരുടെ എണ്ണത്തിലുള്ള കുറവും പ്രതിരോധ പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ടാകുന്നുണ്ട്.

ആരോഗ്യ പ്രവർത്തകരിൽ ഒരുവിഭാഗം കോവിഡ് രോഗികളുമായുള്ള സമ്പർക്കത്തെ തുടർന്ന് ക്വാറൻറീനിൽ പോകേണ്ടിവന്നതും മറ്റൊരു വിഭാഗത്തിന് രോഗം സ്ഥിരീകരിച്ചതും ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം വർധിപ്പിച്ചിരിക്കുകയാണ്. ജില്ലയിൽ 110 ആരോഗ്യ പ്രവർത്തകർക്കാണ്​ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നതോടെ ഇവരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ എല്ലാം നിരീക്ഷണത്തിൽ പോകേണ്ടിവരുന്നു. ഒരാൾക്ക് ശരാശരി 10 പേരുമായി സമ്പർക്കമുണ്ടായാൽ തന്നെ ആയിരത്തിലേറെ ആരോഗ്യ പ്രവർത്തകരടക്കം നിരീക്ഷണത്തിൽ കഴിയേണ്ടിവന്നിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയേണ്ടിവന്ന ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ കണക്കുകൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

മെഡിക്കൽ കോളജിൽ മാത്രം നാൽപതോളം ഡോക്ടർമാർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇരുന്നൂറിലേറെ ജീവനക്കാർ ക്വാറൻറീനിലാണ്. കൂടാതെ, ആറുമാസം പിന്നിടുന്ന വിശ്രമമില്ലാത്ത ജോലി പലരിലും മടുപ്പുളവാക്കുന്നു. ഇനി എത്രകാലം ഈ അവസ്ഥ നീളുമെന്ന് അറിയാത്തതും ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതാണ്. അതോടൊപ്പം രോഗത്തി‍െൻറ രൂക്ഷമായ വർധനയും വന്നതോടെ ആരോഗ്യ രംഗംതന്നെ പ്രതിസന്ധിയിലാണ്.

ഇതി‍െൻറ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരവധി ആളുകളെ താൽക്കാലികമായി നിയമിക്കുന്നു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാരെ മെഡിക്കൽ കോളജിൽ വാക്–ഇൻ ഇൻറർവ്യൂ നടത്തിയിരുന്നു. ഇപ്പോൾ ആരോഗ്യവകുപ്പ് പുതിയൊരു ഉത്തരവുവഴി ദേശീയ ആരോഗ്യ ദൗത്യത്തിലേക്ക് കോവിഡ് പ്രതിരോധത്തി‍െൻറ ഭാഗമായി ഫോൺ ഇൻ ഇൻറർവ്യൂവിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

സയൻറിഫിക്​ ഓഫിസര്‍/റിസര്‍ച് ഓഫിസര്‍, സയൻറിസ്​റ്റ്​, ജൂനിയര്‍ കണ്‍സൽട്ടൻറ്​ ഇന്‍ മൈക്രോബയോളജി, ജൂനിയര്‍ ലാബ് അസിസ്​റ്റൻറ്​, ഡിസ്ട്രിക്ട് പി.പി.എം കോഒാഡിനേറ്റര്‍, സപ്പോര്‍ട്ടിങ്​ സ്​റ്റാഫ് എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചത്.

പി.പി.ഇ കിറ്റ് അടക്കമുള്ള സൗകര്യങ്ങൾ കോവിഡ്​ രോഗികളെയോ കോവിഡ് രോഗികളെന്ന് സംശയിക്കുന്നവരെയോ പരിചരിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മാത്രമാണ് ലഭ്യമാകുന്നത്. കോവിഡ് ഇതര വാർഡുകളിൽ ചികിത്സ തേടുന്ന രോഗികളിൽ കോവിഡ് സ്ഥിരീകരിക്കുന്നതോടെ ഡോക്ടർമാർ അടക്കം നിരവധി പേർ നിരീക്ഷണത്തിൽ പോകേണ്ടിവരുന്നു. ഇത്തരം അവസ്ഥ പലർക്കും രോഗം വ്യാപിക്കുന്നതിനും ഇടവരുത്തുന്നുണ്ട്. ഈയൊരു അവസ്ഥയാണ് ജീവനക്കാരുടെ അഭാവത്തിലേക്കും നയിച്ചത്. ഈ അവസരത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് താൽക്കാലികമായി ജീവനക്കാരെ തേടുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.